മലയാളിയുടെ നേതൃത്വത്തിലുളള യു.എസ് ഹെല്‍ത്ത്-ടെക് കമ്പനി പ്രവര്‍ത്തനം വിപുലീകരിക്കുന്നു, കേരളത്തില്‍ 125 കോടി നിക്ഷേപിക്കും
യുഎസ് ആസ്ഥാനമായ ഹെല്‍ത്ത്-ടെക് കമ്പനി ബ്ലൂബ്രിക്സ് (blueBriX) കേരളത്തില്‍ 125 കോടി രൂപ നിക്ഷേപിക്കുന്നു. ബ്ലൂബ്രിക്സിന്റെ ചെയര്‍മാനും സി.ഇ.ഒ യും മലയാളിയായ ഷമീം സി. ഹമീദാണ്. ആശുപത്രികള്‍ക്കും വന്‍കിട ക്ലിനിക് ശൃംഖലകള്‍ക്കും ക്ലിനിക്കല്‍ മാനേജ്മെന്റ് സിസ്റ്റവും ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ്സും ലഭ്യമാക്കുന്ന സോഫ്ട്‌വെയറാണ് കമ്പനി നിര്‍മിക്കുന്നത്. കേരളത്തിലെ ഗ്ലോബൽ ഡെലിവറി സെന്ററിന്റെ വിപുലീകരണത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് തുക വിനിയോഗിക്കുക. ഇതിന്റെ ഭാഗമായി കൊച്ചിയിലെ സോഫ്ട്‌വെയര്‍ ഡവലപ്‌മെന്റ് കേന്ദ്രത്തില്‍ മികച്ച ശമ്പളത്തില്‍ അന്‍പതോളം പേരെ കമ്പനി പുതുതായി നിയമിക്കും.
നിര്‍മിത ബുദ്ധിയുടെ (AI) സഹായത്തോടെ ആരോഗ്യ ചികിത്സാരംഗത്തെ സങ്കീര്‍ണ പ്രക്രിയകള്‍ ഓട്ടോമേറ്റ് ചെയ്യാനുളള പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളിലാണ് കമ്പനി ഇപ്പോള്‍. ക്ലിനിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് ജോലികളുടെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും എ.ഐ ഉപയോഗിച്ചുളള പുതിയ പ്ലാറ്റ്ഫോമിന് സാധിക്കും. നാല് ഭൂഖണ്ഡങ്ങളിലായി ബ്ലൂബ്രിക്സ് 20 ലക്ഷത്തിലധികം രോഗികള്‍ക്ക് സേവനം നൽകുന്നു. അഞ്ച് വര്‍ഷത്തിനുളളില്‍ 10 കോടി ഡോളര്‍ (ഏകദേശം 860 കോടി രൂപ) വാര്‍ഷിക വിറ്റുവരവാണ് കമ്പനിയുടെ ലക്ഷ്യം.
17 വർഷത്തെ പ്രവര്‍ത്തന പാരമ്പര്യമുളളതാണ് കൊച്ചിയിലെ സോഫ്ട്‌വെയര്‍ ഡവലപ്‌മെന്റ് കേന്ദ്രം. നിലവില്‍ 180 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ചെയര്‍മാന്‍ ഷമീം സി. ഹമീദ് എറണാകുളം കലൂര്‍ സ്വദേശിയാണ്. 2008-ല്‍ പ്രവര്‍ത്തനമാരംഭിച്ച ബ്ലൂബ്രിക്സിന് യു.എസ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിലവില്‍ സാന്നിധ്യമുണ്ട്. ഡിജിറ്റൽ ഹെല്‍ത്ത്, ഹെല്‍ത്ത്കെയര്‍ മേഖല, ഇലക്ട്രോണിക് ഹെല്‍ത്ത് രേഖകൾ, പേഷ്യന്റ് പോർട്ടൽ, ആശുപത്രി മാനേജ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍.
US-based health-tech firm blueBriX, led by a Malayali CEO, expands in Kerala with ₹125 crore investment in AI-driven digital healthcare solutions.
Read DhanamOnline in English
Subscribe to Dhanam Magazine