100 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ബോട്ട്

100 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ഇന്ത്യന്‍ ഓഡിയോ ഉപകരണ ബ്രാന്‍ഡായ ബോട്ട്. ആഗോള സ്വകാര്യ ഇക്വിറ്റി ഫണ്ട് വാര്‍ബര്‍ഗ് പിന്‍കസ് ആണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

അഞ്ചു വര്‍ഷം മുമ്പ് തുടക്കം കുറിച്ച ബോട്ട് കുറഞ്ഞ വിലയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചാണ് ശ്രദ്ധേയരായത്. ഹെഡ് ഫോണ്‍, ഇയര്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്പീക്കര്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ബോട്ട് വിപണിയിലെത്തിക്കുന്നുണ്ട്. ഓരോ അഞ്ചു മിനുട്ടിലും ഒന്നു വീതം വില്‍ക്കപ്പെടുന്നു എന്ന് കമ്പനി അവകാശപ്പെടുന്ന ഹെഡ്‌ഫോണുകളാണ് ബോട്ട് എന്ന ബ്രാന്‍ഡില്‍ ഏറെ വിറ്റഴിക്കപ്പെടുന്നത്.
2020 സാമ്പത്തിക വര്‍ഷത്തെ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് കണക്കു പ്രകാരം അഞ്ച് ബില്യണ്‍ ആണ് ബോട്ടിന്റെ വരുമാനം. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് 10 ബില്യണ്‍ ആയി ഉയരുമെന്നും അവര്‍ കണക്കു കൂട്ടുന്നു. ലോക്ക് ഡൗണില്‍ ഹെഡ് ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഉണ്ടായിരുന്നത്.
30 ശതമാനം വിപണി പങ്കാളിത്തവുമായി ഈ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡാണ് ബോട്ട്. ആഗോളതലത്തില്‍ 2.6 ശതമാനം വിപണി പങ്കാളിത്തവുമുണ്ട്.
2019 ല്‍ ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ ബോട്ടില്‍ 20 കോടി രൂപ നിക്ഷേപിച്ചിരുന്നു. കൂടാതെ ഫയര്‍സൈഡ് വെഞ്ചേഴ്‌സും ബോട്ടില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഫിറ്റ്‌നസ് മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ബോട്ട് ഇപ്പോള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it