ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് പദ്ധതി ഉപേക്ഷിച്ച് ബോയിംഗ് വിമാനക്കമ്പനി

യുഎസ് എയ്റോസ്പേസ് ഭീമനായ ബോയിംഗ് ഇന്ത്യയുടെ എയ്റോസ്പേസ് ഹബില്‍ വിമാന നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതികള്‍ നിര്‍ത്തിവച്ചു. കൊവിഡ് -19 മഹാമാരി മൂലം മന്ദഗതിയിലുള്ള ആവശ്യം കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിര്‍മാണ പദ്ധതികള്‍ തുടരേണ്ടതില്ലെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു.

നിലവിലുള്ള സ്‌പേസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഹബ് പോലെ പ്രവര്‍ത്തിച്ചേക്കും. എന്നാല്‍ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കില്ല. ലോകത്തിലെ തന്നെ ബോയിംഗ് വിമാനങ്ങളുടെ പ്രധാന വാങ്ങല്‍ ഇടപാടുകള്‍ നടക്കുന്ന ഇടമാണ് ഇന്ത്യ എന്നത് മുന്നില്‍ കണ്ടായിരുന്നു നിര്‍മാണ പദ്ധതി. എന്നാല്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സാഹചര്യമൊരുക്കുമായിരുന്ന പദ്ധതി കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം തകിടം മറിയുകയായിരുന്നു.
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉന്നതതല ക്ലിയറന്‍സ് കമ്മിറ്റി (എസ്എച്ച്എല്‍സിസി) യോഗം ബോയിംഗിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കുകയായിരുന്നു. യുഎസിലെ പദ്ധതിക്ക് ശേഷം തങ്ങളുടെ രണ്ടാമത്തെ വലിയ കേന്ദ്രമാണ് കമ്പനി പ്രാരംഭമായി 1,150 കോടി മുതല്‍മുടക്കില്‍ ആരംഭിക്കാനിരുന്നത്.
ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസ്പേസ് പാര്‍ക്കില്‍ 36 ഏക്കര്‍ സ്ഥലത്ത് എന്‍ജിനീയറിംഗ്, ഉല്‍പ്പന്ന വികസന കേന്ദ്രം സ്ഥാപിക്കാനുള്ള ബോയിംഗിന്റെ ഈ പദ്ധതിക്ക് രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it