കേരളത്തില്‍ നിന്ന് വിമാന ഘടകങ്ങള്‍ വാങ്ങാന്‍ ബോയിംഗ്
പ്രമുഖ ബഹുരാഷ്ട്ര വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗ് കേരളത്തില്‍ നിന്ന് നിര്‍മ്മാഘ ഘടകങ്ങള്‍ വാങ്ങാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി ബോയിംഗില്‍ നിന്നുള്ള പ്രത്യേക സംഘം കൊച്ചി ആസ്ഥാനമായ കംപയറോ ഇന്ത്യ കമ്പനിയിലെത്തി. ബോയിംഗ് വിമാനങ്ങളുടെ ഘടകങ്ങള്‍ കേരളത്തിലെ ഈ കമ്പനിയില്‍ നിന്ന് വാങ്ങുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായാണ് സംഘമെത്തിയതെന്ന് 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. ഇത് 'മേക്ക് ഇന്‍ കേരള' സംരംഭത്തിന് കരുത്താകും. കേരളത്തില്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച 1,000 കോടി രൂപയുടെ പദ്ധതിയാണ് മേക്ക് ഇന്‍ കേരള പദ്ധതി.
ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തില്‍
2017ല്‍ രഞ്ജിത്ത് തോമസ് സിറിയക്കും അദ്ദേഹത്തിന്റെ യു.എസ് പങ്കാളി റോബര്‍ട്ട് സ്മോളും ചേര്‍ന്ന് സ്ഥാപിച്ച കംപയറോ ഇന്ത്യ എന്ന കമ്പനി വ്യോമയാന, പ്രതിരോധ വ്യവസായങ്ങള്‍ക്കായുള്ള ഘടകങ്ങളുടെ രൂപകല്‍പനയും പരിശോധനയുമാണ് നടത്തുന്നത്. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ധാരണാപത്രത്തിലേര്‍പ്പെടുന്നതിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ ബോയിംഗ് ആവശ്യപ്പെട്ടതായും കംപയറോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തിന് കംപയറോ ഇന്ത്യയില്‍ 51% ഓഹരിയുണ്ട്. ബാക്കി 49% റോബര്‍ട്ട് സ്‌മോളിന്റെ കൈവശമാണ്.
കരാര്‍ ഉറപ്പിച്ചാല്‍
അടുത്ത കാലത്തായി ഇന്ത്യയില്‍ നിന്നുള്ള സോഴ്സിംഗ് ബോയിംഗ് വര്‍ധിപ്പിക്കുന്നുണ്ട്. 300ല്‍ അധികം ഇന്ത്യന്‍ വിതരണക്കാര്‍ ബോയിംഗിന്റെ ഏറ്റവും നൂതനമായ ചില വാണിജ്യ, പ്രതിരോധ വിമാനങ്ങള്‍ക്കായി എയറോസ്ട്രക്ചറുകള്‍, വയര്‍ ഹാര്‍നെസുകള്‍, ഏവിയോണിക്‌സ് മിഷന്‍ സിസ്റ്റങ്ങള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങളും ഘടകങ്ങളും നിര്‍മിക്കുന്നുണ്ട്.
ബോയിംഗ് കരാര്‍ ഉറപ്പിച്ചാല്‍ യു.എസ് ബഹുരാഷ്ട്ര കമ്പനിക്ക് ഘടകങ്ങള്‍ നല്‍കുന്ന കേരളത്തിലെ ആദ്യത്തെ കമ്പനിയായി കംപയറോ ഇന്ത്യ മാറും.5 കോടി രൂപ വിറ്റുവരവുള്ള കൊച്ചി യൂണിറ്റിന് ഫിന്‍ലന്‍ഡ്, നോര്‍വേ, ഇറ്റലി, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഉപയോക്താക്കളുണ്ട്.