
ജീവനക്കാരുടെ സമരം തുടരുന്ന ബോയിംഗ് വിമാന നിര്‍മ്മാണ കമ്പനി ചെലവുകുറക്കുന്നതിന് ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം തുടങ്ങി. 17,000 പേരെ പിരിച്ചു വിടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിമാന കമ്പനികളില്‍ നിന്ന് നിലവിലുള്ള ഓര്‍ഡറുകള്‍ ഒരു വര്‍ഷത്തേക്ക് നീട്ടാനും കമ്പനി തീരുമാനിച്ചു. 33,000 ജീവനക്കാര്‍ നടത്തി വരുന്ന സമരം അമേരിക്കന്‍ കമ്പനിയുടെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സമരത്തെ തുടര്‍ന്ന് കമ്പനിയുടെ മൂന്നാം പാദ കണക്കുകളില്‍ 50 ലക്ഷം ഡോളര്‍ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളുമായി പൊരുത്തപ്പെടുന്നതിന് തൊഴില്‍ ശക്തി കുറക്കാനാണ് തീരുമാനമെന്ന് ബോയിംഗ് സി.ഇ.ഒ കെല്ലി ഒര്‍ട്ട്ബര്‍ഗ് തൊഴിലാളികള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
10 ശതമാനം ജീവനക്കാരെ കുറക്കും
വരും മാസങ്ങളില്‍ തൊഴിലാളികളുടെ എണ്ണം 10 ശതമാനം കുറക്കാനാണ് തീരുമാനമെന്ന് ഒര്‍ട്ട്ബര്‍ഗിന്റെ സന്ദേശത്തില്‍ പറയുന്നു. പ്രശ്നം സങ്കീര്‍ണ്ണമായതിനാല്‍ കമ്പനിയുടെ മുന്‍ഗണനാ ക്രമങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. മാനേജര്‍മാര്‍ മുതല്‍ സാധാരണ ജീവനക്കാര്‍ വരെയുള്ളവരുടെ എണ്ണം കുറക്കേണ്ടി വരും. അതേസമയം, പിരിച്ചുവിടല്‍ തീരുമാനം ജീവനക്കാരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കുമെന്നാണ് അമേരിക്കന്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ശമ്പളമില്ല. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് അവര്‍ക്ക് മുന്നില്‍ വരുന്നത്. ഒരാഴ്ചക്കുള്ളില്‍ സമരം അവസാനിപ്പിക്കാനുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും. ന്യൂയോര്‍ക്കിലെ ഗ്രില്‍ ഗേറ്റ് കാപ്പിറ്റല്‍ ഇക്വിറ്റി മാനേജര്‍ തോമസ് ഹേയ്‌സ് പറയുന്നു.
പ്രതിമാസ നഷ്ടം 10 ലക്ഷം ഡോളര്‍
സമരം മൂലം ബോയിംഗ് കമ്പനിയുടെ പ്രതിമാസ നഷ്ടം 10 ലക്ഷം ഡോളറാണെന്നാണ് കണക്കാക്കുന്നത്. കമ്പനിയുടെ 777 എക്‌സ് വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ ഒരു വര്‍ഷത്തേക്ക് നീട്ടേണ്ടി വരും. അടുത്ത വര്‍ഷം നല്‍കാനുള്ള വിമാനങ്ങള്‍ 2026 ല്‍ മാത്രമേ നല്‍കാനാകൂവെന്ന് വിമാന കമ്പനികളെ ബോയിംഗ് അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ 767 ഫ്രീറ്റര്‍ പ്രോഗ്രാം 2027 ല്‍ അവസാനിപ്പിക്കാനും തീരുമാനമുണ്ട്. ഈ പ്രോഗ്രാമില്‍ 29 വിമാനങ്ങള്‍ കൂടി നിര്‍മ്മിക്കാനുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ വില്‍പ്പന നടത്തി ഫണ്ട് സ്വരൂപിക്കാനും നീക്കം നടക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സാധാരണ ഓഹരികളും കണ്‍വേര്‍ട്ടബള്‍ ബോണ്ടുകളും വില്‍ക്കാനാണ് ആലോചിക്കുന്നത്. ഒന്നര കോടി ഡോളര്‍ സ്വരൂപിക്കാനാണ് ബോയിംഗ് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നീണ്ടു പോകുന്ന സമരം
സെപ്തംബര്‍ 13 നാണ് ബോയിംഗ് കമ്പനിയില്‍ 33,000 ജീവനക്കാര്‍ സമരം ആരംഭിച്ചത്. കമ്പനിയുടെ പുതിയ തൊഴില്‍ കരാറിനോടുള്ള യൂണിയന്റെ വിയോജിപ്പാണ് സമരത്തിന്റെ കാരണം. നാലു വര്‍ഷത്തിനുള്ളില്‍ 25 ശതമാനം ശമ്പള വര്‍ധനയാണ് കമ്പനി മുന്നോട്ടുവെച്ചത്. കമ്പനിയുടെ ഉല്‍പാദന പ്ലാന്റ്, തൊഴിലാളി യൂണിയനുകള്‍ക്ക് അനുമതിയില്ലാത്ത തെക്കന്‍ കാലിഫോര്‍ണിയയിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ തൊഴിലാളികള്‍ അംഗീകരിച്ചില്ല. 40 ശതമാനം ശമ്പള വര്‍ധന വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉല്‍പാദന യൂണിറ്റ് സിയാറ്റിലില്‍ നിന്ന് മാറ്റുന്നതിനെയും അവര്‍ എതിര്‍ക്കുന്നു. യുണിയനുകളുമായുള്ള ചര്‍ച്ചയില്‍ ശമ്പളം 30 ശതമാനം വര്‍ധിപ്പിക്കാമെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചെങ്കിലും അംഗീകരിച്ചിട്ടില്ല. സമരം നീണ്ടു പോകുന്നത് അമേരിക്കന്‍ സര്‍ക്കാരും ഗൗരവത്തോടെയാണ് കാണുന്നത്. ലേബര്‍ സെക്രട്ടറി ജൂലി സൂ വിഷയത്തില്‍ ഇടപെട്ടിരുന്നു. ചര്‍ച്ചകള്‍ നടത്തി സമരം അവസാനിപ്പിക്കണമെന്ന് ഇരുവിഭാഗത്തോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോയിംഗ് 777, 767, 737 മാക്‌സ് വിമാനങ്ങളുടെ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine