ഒടുവില്‍, വെനസ്വേലയുടെ എണ്ണ വാങ്ങാന്‍ ബി.പി.സി.എല്ലും

വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യന്‍ കമ്പനികളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പൊതുമേഖല ഓയില്‍ റിഫൈനറി കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനും (ബി.പി.സി.എല്‍). കമ്പനിയില്‍ വെനസ്വേലന്‍ എണ്ണ സംസ്‌കരിക്കാനാകുമെന്നും വെനസ്വേലയില്‍ നിന്നുള്ള ഇറക്കുമതി ബി.പി.സി.എല്ലിന്റെ റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് തിരിച്ചടിയാകില്ലെന്നും കമ്പനിയുടെ റിഫൈനറി മേധാവി സഞ്ജയ് ഖന്ന പറഞ്ഞു. കൊച്ചി, മുംബൈ, ബിന എന്നിവിടങ്ങളിലാണ് ബി.പി.സി.എല്ലിന്റെ മൂന്ന് റിഫൈനറികള്‍ പ്രവര്‍ത്തിക്കുന്നത്.

ഒക്ടോബറില്‍ വെനസ്വേലന്‍ എണ്ണയ്ക്ക് മേലുള്ള യു.എസ് ഉപരോധം നീക്കിയതിന് ശേഷം ഇന്ത്യയില്‍ നിന്നും ഇതുവരെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച്ച്.പി.സി.എല്‍-മിത്തല്‍ എനര്‍ജി എന്നീ കമ്പനികള്‍ വെനസ്വേലന്‍ എണ്ണ വാങ്ങുന്നതിനായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വെനസ്വേലയില്‍ നിന്ന് ഇന്ത്യ പ്രതിമാസം പത്ത് ദശലക്ഷം ബാരല്‍ എണ്ണ വാങ്ങിയിരുന്നു. റഷ്യയെപ്പോലെ വിപണിവിലയില്‍ നിശ്ചിത ഡിസ്‌കൗണ്ട് ഇന്ത്യക്ക് വെനസ്വേലയും വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെയാണ് ഇന്ത്യ 85-90 ശതമാനവും ആശ്രയിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി 2011-12ലെ 171.73 മില്യണ്‍ ടണ്ണില്‍ നിന്ന് 2020-21ല്‍ 226.95 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യങ്ങളില്‍ റഷ്യയും ഇറാഖും സൗദി അറേബ്യയുമാണ് മുന്നില്‍. ഏപ്രില്‍-സെപ്തംബര്‍ മാസങ്ങളില്‍ ഏകദേശം 116.2 ദശലക്ഷം ടണ്ണായിരുന്നു ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ അളവ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it