മൂല്യം ₹600 കോടി; ബ്രാന്‍ഡുകളുടെ ക്രീസില്‍ സച്ചിന്‍ ഇപ്പോഴും മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് ഒരു ദശാബ്ദം പിന്നിടുന്നു. 50-ാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവിലാണ് അദ്ദേഹം. ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും ബ്രാന്‍ഡ് മൂല്യത്തില്‍ ഇപ്പോഴും സച്ചിന്‍ മുന്‍നിരയില്‍ തന്നെയാണെന്ന് തെളിയിക്കുകയാണ് അദ്ദേഹവുമായി സഹകരിക്കുന്ന ബ്രാന്‍ഡുകളുടെ എണ്ണം.

സച്ചിനുമായുള്ള സഹകരണവും അദ്ദേഹത്തിന്റെ ആരാധക ബാഹുല്യവും മികച്ച വളര്‍ച്ചയും സ്വീകാര്യതയും നേടാന്‍ ഉപകരിച്ചിട്ടേയുള്ളൂ എന്ന് ബ്രാന്‍ഡുകളും സാക്ഷ്യപ്പെടുത്തുത്തുന്നു.
15 ബ്രാന്‍ഡുകള്‍
അപ്പോളോ ടയേഴ്‌സ്, ഐ.ടി.സിയുടെ സാവ്ലോണ്‍, ജിയോ സിനിമ, അമൂല്‍, തനിഷ്‌ക്, സ്പിന്നി, ഏജീയാസ് ഫെഡറല്‍ ലൈഫ് തുടങ്ങി 15ഓളം ബ്രാന്‍ഡുകളുടെ അംബാസഡറാണ് ഇപ്പോഴും സച്ചിന്‍.
ക്രോള്‍ (Kroll) പുറത്തിറക്കിയ സെലബ്രിറ്റി ബ്രാന്‍ഡ് വാല്യൂവേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 600 കോടിയോളം രൂപയാണ് സച്ചിന്‍ നിലവില്‍ ഏര്‍പ്പെട്ടിട്ടുള്ള കരാറുകളുടെ മൂല്യം. ഓരോ ബ്രാന്‍ഡില്‍ നിന്നും പ്രതിവര്‍ഷം 7-8 കോടി രൂപ അദ്ദേഹം വാങ്ങുന്നു.

ക്രിക്കറ്റ് താരങ്ങളില്‍ പരസ്യമൂല്യത്തില്‍ മൂന്നാംസ്ഥാനമുണ്ട് സച്ചിന്. ഇപ്പോഴും കളികളത്തിലുള്ള വിരാട് കോഹ്‌ലിയാണ് 1,490 കോടി രൂപ മൂല്യവുമായി ഒന്നാമത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും ഐ.പി.എല്ലില്‍ ചെന്നൈയുടെ ക്യാപ്റ്റനായി തുടരുന്ന എം.എസ്. ധോണിയാണ് രണ്ടാമത്; മൂല്യം 660 കോടി രൂപ.

സ്വന്തം കമ്പനി
ഏകദേശം 1,250 കോടി രൂപയുടെ ആസ്തി സച്ചിനുണ്ടെന്നാണ് വിലയിരുത്തല്‍. നേരത്തേ ബ്രാന്‍ഡ് പ്രചാരങ്ങളുടെ കരാറുകള്‍ക്കായി സച്ചിനെ സഹായിച്ചിരുന്നത് മറ്റ് കമ്പനികളായിരുന്നു. ഇപ്പോള്‍ അദ്ദേഹവും ഭാര്യ അഞ്ജലിയും ചേര്‍ന്ന് രൂപീകരിച്ച എസ്.ആര്‍.ടി സ്‌പോര്‍ട്‌സ് മാനേജ്മെന്റ് എന്ന കമ്പനിയാണ് അദ്ദേഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ കരാറുകളുടെ മേല്‍നോട്ടം വഹിക്കുന്നത്.
ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ബ്രാന്‍ഡുകളുമായുള്ള സഹകരണം മാത്രം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് സ്വന്തം കമ്പനി രൂപീകരിച്ചതെന്നാണ് സച്ചിന്‍ ഒരിക്കല്‍ പറഞ്ഞത്. വ്യക്തി എന്ന നിലയിലും ഏത് തലമുറക്കാര്‍ക്കും സ്വീകാര്യനായതാണ് ക്രിക്കറ്റിനുമപ്പുറം സച്ചിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുന്നതെന്ന് കമ്പനികളും അഭിപ്രായപ്പെടുന്നു. കരിയറിലോ വ്യക്തി ജീവിതത്തിലോ ഒരിക്കലും വിവാദങ്ങള്‍ക്ക് പാത്രമായിട്ടില്ലെന്നതും അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം മങ്ങലില്ലാതെ നില്‍ക്കാനുള്ള കാരണമാണ്.
എം.ആര്‍.എഫ്., പെപ്സി, കോക്ക-കോള, വീസ, ആഡിഡാസ്, ബൂസ്റ്റ്, മ്യൂച്വല്‍ ഫണ്ട്‌സ് സഹീ ഹേ തുടങ്ങിയവയും സച്ചിനുമായി കൈകോര്‍ത്തിട്ടുള്ള പ്രമുഖ ബ്രാന്‍ഡുകളാണ്. ''സച്ചിന്‍ ആയാ രേ'', ''ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി'' തുടങ്ങിയ സച്ചിന്റെ പഴയ ചില പരസ്യ വാചകങ്ങള്‍ ഇപ്പോഴും പ്രചാരംകെടാതെ നിലനില്‍ക്കുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it