ബി.എസ്.എന്‍.എല്ലിന്റെ ശ്രദ്ധ ഇനി ഗ്രാമങ്ങളിലേക്ക്

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി ബി.എസ്.എന്‍.എല്‍ ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ഗ്രാമപ്രദേശങ്ങളിലെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ബി.എസ്.എന്‍.എല്ലിനായി 89,000 കോടി രൂപയുടെ മൂന്നാമത്തെ പുനരുജ്ജീവന പാക്കേജ് പുറത്തിറക്കിയപ്പോള്‍ ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലേക്ക് കണക്റ്റിവിറ്റി നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇതൊരു സ്ഥിരതയുള്ള കമ്പനിയായി ഉയര്‍ന്നുവരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

മറ്റ് കമ്പനികള്‍ മുന്നില്‍

രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ കാര്യത്തില്‍ നിലവില്‍ ആകെയുള്ള 114.3 കോടിയില്‍ 45 ശതമാനം അല്ലെങ്കില്‍ 55 കോടിയില്‍ അധികം ഗ്രാമീണ വരിക്കാരാണ്. നിലവില്‍ ഗ്രാമപ്രദേശങ്ങളില്‍ ബി.എസ്.എന്‍.എല്ലിന്റെ സേവനം മറ്റ് ടെലികോം കമ്പനികളുടെ സേവനങ്ങളെ അപേക്ഷിച്ച് കുറവാണ്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ ഗ്രാമീണ വിപണി വിഹിതം ബി.എസ്.എന്‍.എല്ലനേക്കാള്‍ വളരെ കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഗ്രാമപ്രദേശങ്ങളില്‍ ബി.എസ്.എന്‍.എല്ലിന് 3.25 കോടി വരിക്കാരോടെ 6.3 ശതമാനം വിപണി വിഹിതം മാത്രമാണുള്ളത്. 18.87 കോടി വരിക്കാരോടെ ജിയോയ്ക്ക് 36.5 ശതമാനം വിപണി വിഹിതമുണ്ട്, പിന്നാലെ 18 കോടി വരിക്കാരോടെ ഭാരതി എയര്‍ടെല്ലിന് 34.8 ശതമാനവും 11.5 കോടി വരിക്കാരോടെ വോഡഫോണ്‍ ഐഡിയ്ക്ക് 22.3 ശതമാനവും വിപണി വിഹിതമുണ്ട്. അതിനാല്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഗ്രാമപ്രദേശങ്ങളിലെ സേവനം വര്‍ധിപ്പിക്കേണ്ടത് നിര്‍ണായകമാണ്.

പിന്നിലാകാന്‍ കാരണങ്ങളേറെ

ഗ്രാമീണ മേഖലകളില്‍ സ്വകാര്യ കമ്പനികളുടെ ശ്രദ്ധ വര്‍ധിച്ചതും, ബി.എസ്.എന്‍.എല്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ട ഫണ്ടിംഗിലുള്ള കുറവും, വരിക്കാരുടെ എണ്ണം പലയിടങ്ങളിലും നിലച്ചതും, 4ജി, 5ജി സേവനങ്ങളുടെ അഭാവം തുടങ്ങി വിവിധ കാരണങ്ങളാണ് ഗാമീണ മേഖലയില്‍ ബി.എസ്.എന്‍.എല്ലിനെ പിന്നിലാകിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാരിന്റെ മുമ്പത്തെ രണ്ട് പിന്തുണാ പാക്കേജുകള്‍ ഉണ്ടായിരുന്നിട്ടും ബി.എസ്.എന്‍.എല്ലിന് ഗ്രാമീണ മേഖലയില്‍ തിളങ്ങാനായില്ല. അതിനാല്‍ കമ്പനി ഗ്രാമപ്രദേശങ്ങളിലെ സേവനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it