

പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ (BSNL) വീണ്ടും കനത്ത നഷ്ടത്തിലേക്ക്. 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) കമ്പനിയുടെ അറ്റനഷ്ടം 1,357 കോടി രൂപയായി ഉയര്‍ന്ന. 4 ജി നെറ്റ്‌വര്‍ക്ക് വിന്യാസത്തിനായി നടത്തിയ വന്‍ മൂലധന നിക്ഷേപമാണ് നഷ്ടം കൂടാന്‍ പ്രധാന കാരണം.
മുന്‍പാദത്തില്‍ 1,048 കോടി രൂപയും മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ 1,241.7 കോടി രൂപയുമായിരുന്നു നഷ്ടം.
2025 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടി രൂപയുടെ മൂലധനച്ചെലവ് (Capital Expenditure/Capex) കമ്പനി നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഫലമായി രണ്ടാം പാദത്തില്‍ മൂല്യശോഷണ ഇനത്തില്‍ മാത്രം 2,477 കോടി രൂപയുടെ വലിയ വര്‍ധനവുണ്ടായി.
നഷ്ടം ഉയര്‍ന്നപ്പോഴും കമ്പനിയുടെ പ്രവര്‍ത്തന വരുമാനം വര്‍ധിച്ചത് ആശ്വാസമായി. രണ്ടാം പാദത്തില്‍ പ്രവര്‍ത്തന വരുമാനം 5,166.7 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.6 ശതമാനത്തിന്റെയും മുന്‍പാദത്തെ അപേക്ഷിച്ച് 2.8 ശതമാനത്തിന്റെയും വളര്‍ച്ചയാണിത്. രാജ്യമെമ്പാടും 4ജി സേവനങ്ങള്‍ ആരംഭിച്ചതോടെ മൊബൈല്‍ ഫോണ്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം കൂടിയതാണ് ഈ വളര്‍ച്ചക്ക് കാരണം.
സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുപ്രകാരം ബി.എസ്.എന്‍.എല്ലിന് 9.23 കോടി മൊബൈല്‍ വരിക്കാരുണ്ട്. പുതിയ വരിക്കാരെ ആകര്‍ഷിക്കുന്നതില്‍ കമ്പനി മുന്നേറുന്നുണ്ട്. ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) മുന്‍ പാദത്തിലെ 81 രൂപയില്‍ നിന്ന് 12 ശതമാനം വര്‍ധിച്ച് 91 രൂപയായി ഉയര്‍ന്നു. 4ജി സേവനങ്ങളുടെ വ്യാപനമാണ് ഇതിന് സഹായകമായത്.
2026 സാമ്പത്തിക വര്‍ഷത്തോടെ വരുമാനം 20 ശതമാനം വര്‍ധിപ്പിച്ച് 27,500 കോടി രൂപ എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നാണ് ബി.എസ്.എന്‍.എല്‍ പ്രതീക്ഷിക്കുന്നത്. 4ജി വിന്യാസം പൂര്‍ത്തിയാകുന്നതോടെ നഷ്ടത്തില്‍ നിന്ന് കരകയറി ലാഭത്തിലാകാനുള്ള ശ്രമത്തിലാണ് പൊതുമേഖലാ സ്ഥാപനം.
Read DhanamOnline in English
Subscribe to Dhanam Magazine