

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെയും മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെയും ആസ്തികള്‍ വിറ്റ് സമാഹരിച്ചത് 12,984.86 കോടി രൂപ. 2019 മുതല്‍ ഇരു സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി, കെട്ടിടങ്ങള്‍, ടവറുകള്‍, ഫൈബര്‍ എന്നിവ വിറ്റ് കണ്ടെത്തിയതാണ് ഈ തുക. ഇന്നലെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കമ്യൂണിക്കേഷന്‍സ് സഹമന്ത്രി ഡോ. പി. ചന്ദ്രശേഖര്‍ പാര്‍ലമെന്റില്‍ വെച്ചത്.
2025 ജനുവരി വരെയുള്ള കാലയളവില്‍ ഭൂമിയും കെട്ടിടങ്ങളും വില്‍പ്പന നടത്തിയതു വഴി ബി.എസ്.എന്‍.എല്‍ 2,387.82 കോടി രൂപയും എം.ടി.എന്‍.എല്‍ 2,134.61 കോടി രൂപയുമാണ് സമാഹരിച്ചത്.
സമീപഭാവിയില്‍ ആവശ്യമില്ലാത്ത, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാവുന്ന ഭൂമിയും കെട്ടിടങ്ങളുമാണ് ഇരു സ്ഥാപനങ്ങളും പണമാക്കി മാറ്റിയതെന്ന് മന്ത്രി അറിയിച്ചു.
2025 ജനുവരി വരെയുള്ള കാലയളവില്‍ ടവറുകളും ഫൈബറും ഉള്‍പ്പെടെയുള്ള ആസ്തികളുടെ വില്‍പ്പന വഴി ബി.എസ്.എന്‍.എല്‍ 8,204.18 കോടിയും എം.ടി.എന്‍.എല്‍ 258.25 കോടിയും സമാഹരിച്ചു.
സര്‍ക്കാരിന്റെ നിയമത്തിന് അനുസൃതമായാണ് ആസ്തി വില്‍പ്പന. പൊതുമേഖല സ്ഥാപനങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നത് സസൂക്ഷ്മം വീക്ഷിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ബി.എസ്.എന്‍.എല്ലിനെയും എം.ടി.എന്‍.എല്ലിനെയും സ്വകാര്യവത്കരിക്കില്ലെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
കഴിഞ്ഞ മാസം ബി.എസ്.എന്‍.എല്ലിന് 6,982 കോടി രൂപയുടെ അധിക മൂലധനം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 4 ജി നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിനായി എ.ടി.എന്‍.എല്ലിനും ബി.എസ്.എന്‍.എല്ലിനും 6,000 കോടിയും അനുവദിച്ചിട്ടുണ്ട്.
ബി.എസ്.എന്‍.എല്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 262 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. 17 വര്‍ഷത്തിനുശേഷമാണ് ബി.എസ്.എന്‍.എല്‍ ലാഭത്തിലേക്ക് ചുവടുവയ്ക്കുന്നതെന്നതാണ് ശ്രദ്ധേയം. 2007ലാണ് അവസാനം ലാഭം രേഖപ്പെടുത്തിയത്.
പണസമാഹരണ വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ന് എം.ടി.എന്‍.എല്‍ ഓഹരി വില 18 ശതമാനം കുതിച്ചുകയറി 51.18 രൂപയായി. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയിലുണ്ടായത് 50 ശതമാനം വളര്‍ച്ചയാണ്. അതേസമയം, ഓഹരി വില അതിന്റെ എക്കാലത്തെയും ഉയര്‍ച്ചയായ 101.93 രൂപയില്‍ നിന്ന് 50 ശതമാനത്തോളം ഇടിവിലുമാണ്.
കഴിഞ്ഞ ഒക്ടോബറില്‍ മിക്ക പൊതുമേഖലാ ബാങ്കുകളും എം.ടി.എന്‍.എല്ലിനെ ഏറ്റവും കടമുള്ള പൊതുമേഖല കമ്പനിയായി വിലയിരുത്തിയിരുന്നു. വായ്പകള്‍ തിരിച്ചടയ്ക്കാതെ വന്നതിനാല്‍ എന്‍.പി.എ ആയാണ് കണക്കാക്കുന്നത്. വിവിധ ബാങ്കുകള്‍ ചേര്‍ന്ന് 7,925 കോടി രൂപയാണ് വായ്പയായി നല്‍കിയിരിക്കുന്നത്. മറ്റ് ഹ്രസ്വ-ദീര്‍ഘകാല വായ്പകളും കൂടി മൊത്തം 32,000 കോടി രൂപയാണ് എം.ടി.എന്‍.എല്ലിന്റെ കടം.
2025 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എം.ടി.എന്‍.എല്‍ 836 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. തൊട്ടു മുന്‍വര്‍ഷം സമാനപാദത്തിലിത് 839 കോടിയായിരുന്നു. കമ്പനിയുടെ വരുമാനം ഇക്കാലയളവില്‍ 11.6 ശതമാനം ഇടിഞ്ഞ് 170 കോടി രൂപയായി. ടെലികോം മേഖലയിലെ വെല്ലുവിളികള്‍ തുടരുന്നതിന്റെ സൂചനയാണിത് നല്‍കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine