ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് സന്തോഷിക്കാം; നിരക്കുകള്‍ കൂടില്ല; പുതിയ ഏഴ് സര്‍വ്വീസുകള്‍ കൂടി

ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് സന്തോഷിക്കാം. നിരക്കുകള്‍ ഉടനെയൊന്നും വര്‍ധിപ്പിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. സമീപ ഭാവിയിലൊന്നും നിരക്ക് വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കാണുന്നില്ലെന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ റോബര്‍ട്ട് രവി വ്യക്തമാക്കി. സ്വകാര്യ ടെലികോം കമ്പനികള്‍ അടുത്തിടെ 21 ശതമാനം വരെ നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോഴാണ് സ്വന്തം വരിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനവുമായി പൊതുമേഖലാ കമ്പനിയായ ബി.എസ്.എന്‍.എല്‍ മുന്നോട്ടു വരുന്നത്. ജൂണ്‍ മാസത്തിലാണ് സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ ഉയര്‍ത്തിയത്. ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നിവര്‍ 10 മുതല്‍ 21 ശതമാനം വരെ നിരക്കുകള്‍ കൂട്ടിയിരുന്നു. ഇതിന് പുറമെ ജിയോയും എയര്‍ടെലും 5ജി സേവനങ്ങള്‍ക്ക് അധിക നിരക്കും ഈടാക്കുന്നുണ്ട്.

ലക്ഷ്യം 25 ശതമാനം വിപണി സാന്നിധ്യം

ഇന്ത്യന്‍ ടെലികോം മേഖലയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 25 ശതമാനം വിപണി സാന്നിധ്യമാണ് ബി.എസ്.എന്‍.എല്‍ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ റോബര്‍ട്ട് രവി പറഞ്ഞു. നിലവില്‍ 7.5 ശതമാനം സാന്നിധ്യമാണ് കമ്പനിക്കുള്ളത്. 8.85 കോടി ബി.എസ്.എന്‍.എല്‍ വരിക്കാരാണ് രാജ്യത്തുള്ളത്. 4 ജി സേവനങ്ങള്‍ എല്ലാവരിലുമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. അതോടൊപ്പം 5ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്വകാര്യ വ്യവസായങ്ങള്‍ക്ക് 5ജി സേവനം നല്‍കുന്ന പ്രത്യേക പദ്ധതി നടപ്പാക്കി വരുന്നു. മഹാരാഷ്ട്രയിലെ 50 ഖനികളില്‍ ഈ സേവനം ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന ജോലികള്‍ പുരോഗമിക്കുകയാണ്.

പുതിയ ലോഗോ പുറത്തിറക്കി

ബി.എസ്.എന്‍.എല്ലിന്റെ പുതിയ ലോഗോ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. അടുത്ത വര്‍ഷം മധ്യത്തോടെ ബി.എസ്.എന്‍.എല്ലിന് 1 ലക്ഷം 4ജി സൈറ്റുകള്‍ വരുമെന്ന് മന്ത്രി അറിയിച്ചു. ടെലികോം മേഖല കടുത്ത മല്‍സരത്തിലൂടെയാണ് കടന്നു പോകുന്നത്. ഇത് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ബി.എസ്.എന്‍.എല്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 6,000 കോടി രൂപയുടെ 4ജി നെറ്റ് വര്‍ക്ക് വിപുലീകരണത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് ബി.എസ്.എന്‍.എല്‍ നടപടികള്‍ തുടങ്ങിയതായി കേന്ദ്ര ടെലികോം സെക്രട്ടറി നീരജ് മിത്തല്‍ പറഞ്ഞു. ടെലികോം വകുപ്പിന്റെ അംഗീകാരം ലഭിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികാനുമതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഏഴ് സേവനങ്ങള്‍ കൂടി

ലോഗോ പ്രകാശനത്തോടനുബന്ധിച്ച് വരിക്കാര്‍ക്കായി പുതിയ ഏഴ് സേവനങ്ങള്‍ കൂടി ബി.എസ്.എന്‍.എല്‍ ആരംഭിച്ചു. സ്പാമുകളെയും സ്‌കാമുകളെയും തടയുന്ന റിയല്‍ ടൈം സ്പാം ഫ്രീ നെറ്റ് വര്‍ക്ക്, ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഏത് ബി.എസ്.എന്‍.എല്‍ എഫ്.ടി.ടി.എച്ച് വൈഫൈ നെറ്റ് വര്‍ക്കിലും കണക്ട് ചെയ്യാവുന്ന വൈ ഫൈ റോമിംഗ് സേവനം, എഫ്.ടി.ടി.എച്ച് ഫൈബര്‍ ഇന്റര്‍നെറ്റ് വഴി 500 പ്രീമിയം ടി.വി ചാനലുകള്‍ ലഭിക്കുന്ന ലൈവ് ടി.വി എന്നിവ പുതിയ സേവനങ്ങളില്‍ ഉള്‍പ്പെടും. പുതിയ സിം വാങ്ങാന്‍ എനി ടൈം സിം കിയോസ്കുകള്‍ ആരംഭിക്കും. ഈ സംവിധാനം വഴി കെ.വൈ.സി പൂര്‍ത്തീകരണം, സിം ആക്ടിവേഷന്‍ എന്നിവ ഓട്ടോമാറ്റിക് ആയി നടത്തി സിം സ്വന്തമാക്കാം. വിമാനത്തിലും കപ്പലിലും യാത്ര ചെയ്യുമ്പോള്‍ എസ്.എം.എസുകള്‍ ലഭിക്കാന്‍ സാറ്റലൈറ്റ് ബന്ധിത കണക്ടിവിറ്റിയും പുതിയ സേവനമാണ്. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട നെറ്റ് വര്‍ക്ക് സര്‍വ്വീസിനും ബി.എസ്.എന്‍.എല്‍ തുടക്കം കുറിച്ചു.

Related Articles
Next Story
Videos
Share it