

വ്യോമയാന മേഖലയില്‍ യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണം കുതിച്ചുയരുന്നുണ്ട്. എന്നിരുന്നലും ചെലവുകളുടെ കാര്യം കണക്കിലെടുത്ത് വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ 8000 കോടി രൂപയിലധികം വരുമാനമുണ്ടാക്കാനാണ് വ്യോമയാന മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആസ്തി വിറ്റഴിക്കലിലൂടെ 20,000 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.
വ്യോമയാന മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനാണ് സ്വകാര്യവല്‍ക്കരണമെന്നും വരുന്ന കേന്ദ്ര ബജറ്റില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പുതിയ തീരുമാനത്തിന്റെ ഭാഗമായി റായ്പൂര്‍, ജയ്പൂര്‍, വിജയവാഡ, കൊല്‍ക്കത്ത, ഇന്‍ഡോര്‍ എന്നിവയുള്‍പ്പെടെ 11-12 വിമാനത്താവളങ്ങളുടെ പട്ടിക സ്വകാര്യവല്‍ക്കരണത്തിനായി തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
വ്യോമയാന മേഖല വീണ്ടെടുത്തുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വരും വര്‍ഷങ്ങളിലും ഇന്ത്യയിലെ ഈ വളര്‍ച്ച തുടരുമെന്ന ആത്മവിശ്വാസമുണ്ടെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അതിനാല്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ (ICAO) സൂചികയില്‍ വ്യോമയാന സുരക്ഷയുള്ള മികച്ച 50 രാജ്യങ്ങളുടെ പട്ടികയില്‍ 48-ാം സ്ഥാനത്തോടെ ഇന്ത്യയും ഇടംപിടിച്ചു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് കണക്കുകള്‍ പ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ വിറ്റഴിക്കലിലൂടെ സമാഹരിച്ചത് 31,106.4 കോടി രൂപയാണ്. ഇതില്‍ 20,516.12 കോടി രൂപ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (LIC) പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (IPO) ഓഹരികള്‍ വിറ്റഴിച്ചത് വഴിയാണ് സമാഹരിച്ചത്.
ഒഎന്‍ജിസിയിലെ ഓഫര്‍ ഫോര്‍ സെയില്‍ വഴി 3,058.78 കോടി രൂപയും ആക്സിസ് ബാങ്കിന്റെ ഓഹരികള്‍ വിറ്റ് 3,839 കോടി രൂപയും നടപ്പ് സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ സമാഹരിച്ചു. ഇത്തരം ഓഹരി വില്‍പ്പനയ്ക്ക് പുറമേ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ലാഭവിഹിതമായി 36,637.78 കോടി രൂപ ലഭിച്ചതായും ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള തീരുമാനം പുറത്തുവന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine