

മലയാളിയായ ഡോ.ഷംഷീര്‍ വയലില്‍ സ്ഥാപകനും ചെയര്‍മാനുമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഈ വര്‍ഷം ആദ്യ പകുതിയില്‍ (ജനുവരി-ജൂൺ)22 ബില്യണ്‍ ദിര്‍ഹത്തിന്റെ (4,953 കോടി രൂപയുടെ) വരുമാനം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 13% വരുമാന വര്‍ധനയാണ് ഹെല്‍ത്ത് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി രേഖപ്പെടുത്തിയത്.
ലാഭം 47% വളര്‍ച്ചയോടെ 22 മില്യണ്‍ ദിര്‍ഹം ആയി (506.5 കോടി രൂപ). അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ കമ്പനിയായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്, ഉയര്‍ന്ന വരുമാനം, വര്‍ധിച്ച പ്രവര്‍ത്തന ക്ഷമത, കുറഞ്ഞ സാമ്പത്തിക ചെലവുകള്‍ എന്നിവയിലൂടെയാണ് ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലുമായി ഹെല്‍ത്ത് കെയര്‍ മേഖലയിലെ ഗള്‍ഫിലെ മുന്‍നിര കമ്പനി ആയത്.
ഓഹരി ഉടമകള്‍ക്ക് ഇടക്കാല ലാഭ വിഹിതം
അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് പത്തു മാസം തികയും മുന്‍പ് തന്നെ ഓഹരി ഉടമകള്‍ക്ക് ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചിരിക്കുകയാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ്. മികച്ച വളര്‍ച്ചയുടെ ഭാഗമായാണ് 2023 ആദ്യ പകുതിയിലെ സാമ്പത്തിക ഫലത്തോടൊപ്പം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചത്.
ഓഹരി ഒന്നിന് 2 ഫില്‍സ് (fils) എന്ന നിരക്കില്‍ 95 മില്യണ്‍ ദിര്‍ഹം (214 കോടി രൂപ) ഇടക്കാല ലാഭവിഹിതം അനുവദിക്കാനാണ് ബോര്‍ഡ് തീരുമാനം. അര്‍ധവാര്‍ഷിക ലാഭത്തിന്റെ 42% ആണ് ലാഭവിഹിതമായി നല്‍കുക. ഓഗസ്റ്റ് 13 നും സെപ്റ്റംബര്‍ 1 നും ഇടയില്‍ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.
ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം തിരികെ നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പ്രവര്‍ത്തന മികവും തന്ത്രപരമായ സമീപനവുമാണ് വളര്‍ച്ച ത്വരിതപ്പെടുത്തുന്നതെന്നും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സിഇഒ ജോണ്‍ സുനില്‍ പറഞ്ഞു. സൗദി അറേബ്യയടക്കം മേഖലയിലെ കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള വിപുലീകരണ പദ്ധതികള്‍ ഭാവി വളര്‍ച്ചയുടെ ചാലകങ്ങളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്നോക് ഉടമസ്ഥതയിലുള്ള അല്‍ ദഫ്ര മേഖലയിലെ ഏറ്റവും വലിയ ആരോഗ്യകേന്ദ്രമായ അല്‍ദന്ന ആശുപത്രിയുടെ പ്രവര്‍ത്തന, നടത്തിപ്പ് ചുമതല അടുത്തിടെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന് ലഭിച്ചിരുന്നു. സൗദിയിലെ ഫിറ്റ്‌നസ് ഗ്രൂപ്പായ ലീജാം സ്‌പോര്‍ട്‌സ് കമ്പനിയുമായുള്ള സംയുക്ത സംരംഭ സംരംഭത്തിലൂടെ ഫിസിയോ തെറാപ്പി, റീഹാബിലിറ്റേഷന്‍, വെല്‍നസ് ശൃംഖലയായ ഫിസിയോതെറാബിയയുടെ പ്രവര്‍ത്തനം തുടങ്ങാനുള്ള പദ്ധതിയുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine