Begin typing your search above and press return to search.
പുതിയ നീക്കവുമായി ബര്‍മന്‍ ഫാമിലി, രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ സെല്‍ ബാറ്ററി കമ്പനിയെ സ്വന്തമാക്കുമോ?
14.3 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കിയോടെ ഈ കമ്പനിയിലെ ഓഹരി പങ്കാളിത്തം 38.3 ശതമാനമായി
രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ സെല്‍ ബാറ്ററി നിര്‍മാതാക്കളായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമാക്കി ഡാബര്‍ ഇന്ത്യയുടെ പ്രൊമോട്ടര്‍മാരായ ബര്‍മന്‍ ഫാമിലി. വ്യാഴാഴ്ച സമാപിച്ച ഒരു ഓപ്പണ്‍ ഓഫറിലൂടെയാണ് എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യയുടെ 14.3 ശതമാനം ഓഹരികള്‍ ബര്‍മന്‍ ഫാമിലി ഏറ്റെടുത്തത്. ഇതോടെ കമ്പനിയില്‍ ബര്‍മന്‍മാരുടെ പങ്കാളിത്തം 38.3 ശതമാനമായി.
'ഞങ്ങളുടെ ഓഹരി പങ്കാളിത്തം ഇപ്പോള്‍ 38.3 ശതമാനമായി. ഫലത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഓഫറില്‍ ഞങ്ങള്‍ക്ക് 14.3 ശതമാനം ഓഹരികള്‍ ലഭിച്ചു,'' മോഹിത് ബര്‍മന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ എവറെഡി ഇന്‍ഡസ്ട്രീസിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാനുള്ള ലക്ഷ്യത്തിലാണ് ബര്‍മന്‍ ഫാമിലി.
ഫെബ്രുവരിയില്‍ എവറെഡിയിലെ 5.26 ശതമാനം പങ്കാളിത്തം ഒരു ഓഹരിക്ക് 320 രൂപയില്‍ കൂടാത്ത വിലയ്ക്ക് ഏറ്റെടുക്കാന്‍ ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ ബര്‍മന്‍ ഫാമിലി നിയമിച്ചിരുന്നു. അന്ന് കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ലക്ഷ്യം പ്രഖ്യാപിക്കുകയും ചെയ്തു. ജെ എം ഫിനാന്‍ഷ്യലിന് നല്‍കിയ ഉത്തരവിന് അനുസൃതമായി, ഏപ്രില്‍ 13 നും മെയ് 26 നും ഇടയില്‍ ബര്‍മന്‍ ഫാമിലി 3.98 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയും ചെയ്തു.
ഓപ്പണ്‍ ഓഫര്‍ പൂര്‍ത്തിയാകുന്നത് എവറെഡിയുടെ അടുത്ത നീക്കത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് ആയിരുന്ന എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (EIIL), ബിഎം ഖൈത്താന്‍ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ്. എവറെഡി ബ്രാന്‍ഡ് 1905 മുതല്‍ ഇന്ത്യയില്‍ നിലവിലുണ്ട്. ബാറ്ററികള്‍, ഫ്‌ലാഷ്ലൈറ്റ് കേസുകള്‍, ഇലക്ട്രോലൈറ്റിക് മാംഗനീസ് ഡയോക്സൈഡ്, ആര്‍ക്ക് കാര്‍ബണ്‍ എന്നിവയുടെ നിര്‍മാണവും വിപണനവുമാണ് എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പ്രിന്റിംഗ്, കാസ്റ്റിംഗ്, ഹാര്‍ഡ് ഫെയ്സിംഗ്, ട്യൂബ് വടികള്‍, കാര്‍ബണ്‍ ഇലക്ട്രോഡുകള്‍, മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള ഫോട്ടോ-എന്‍ഗ്രേവര്‍ പ്ലേറ്റുകള്‍/സ്ട്രിപ്പുകള്‍ എന്നിവയും ഇത് നിര്‍മിക്കുന്നുണ്ട്.
Next Story
Videos