ബിസിനസോ ജോലിയോ? ലോജിസ്റ്റിക്‌സ് മേഖലയില്‍ വലിയ അവസരങ്ങള്‍

ബിസിനസിന്റെ കാര്യത്തിലായാലും തൊഴിലിന്റെ കാര്യത്തിലായാലും ലോജിസ്റ്റിക്‌സ് മേഖലയില്‍ വലിയ അവസരങ്ങളാണുള്ളത്. 2 കോടിയിലേറെ പേര്‍ തൊഴിലെടുക്കുന്ന 21,500 കോടി ഡോളറിന്റെ (ഏകദേശം 18 ലക്ഷം കോടി രൂപ) ഈ വ്യവസായം അതിവേഗത്തില്‍ വളരുകയാണ്.

ലോകത്തെ തന്നെ ഏറ്റവും വലിയ മേഖലയാണിത്. ലോജിസ്റ്റിക്‌സ് മേഖല 2027ഓടെ ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും നിലവില്‍ 12 ശതമാനം സഞ്ചിത വാര്‍ഷിക വളര്‍ച്ച (CAGR) നേടുന്നുണ്ടെന്നും ടീം ലീസ് സര്‍വീസസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സപ്ലൈ ചെയ്ന്‍ മാനേജര്‍മാര്‍, ലോജിസ്റ്റിക്‌സ് സ്പെഷ്യലിസ്റ്റ്, ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍മാര്‍, ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍മാര്‍ തുടങ്ങി വിവിധ തസ്തികകള്‍ക്ക് ഡിമാന്‍ഡ് കൂടും.
ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സാധനങ്ങള്‍ എത്തിക്കുക എന്നതാണ് ലോജിസ്റ്റിക്‌സ്. സംഭരണം, ചരക്കുപട്ടിക, വെയര്‍ഹൗസ്, ഗതാഗതം, ഉപഭോക്തൃ സേവനം എന്നിവയൊക്കെ ഇവയില്‍പ്പെടുന്നു.
വ്യവസായത്തിന് ഉത്തേജനം
വളരുന്ന ഇ-കൊമേഴ്‌സ് വിപണി, ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ വര്‍ധിക്കുന്ന ശ്രദ്ധ, ജി.എസ്.ടി നടപ്പാക്കല്‍ തുടങ്ങിയവയെല്ലാം ഇന്ത്യന്‍ ലോജിസ്റ്റിക്‌സ് വ്യവസായത്തിന് ഉത്തേജനമായിട്ടുണ്ട്. ഉദാഹരണത്തിന് ഇ-കൊമേഴ്‌സ് ബിസിനസില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന്റെ വേഗം, ഉപഭോക്താവിന്റെ സംതൃപ്തി എന്നിവയൊക്കെയാണ് വിജയം നിര്‍ണയിക്കുന്നത് തന്നെ.
ചെലവ് കൂടുതല്‍
വിപണി നിരീക്ഷകരുടെ കണക്കുകൂട്ടലില്‍ ഇന്ത്യയില്‍ ലോജിസ്റ്റിക്‌സ് ചെലവ് ജി.ഡി.പിയുടെ 14 ശതമാനമാണ്. അതേസമയം യു.എസിലും യൂറോപ്പിലും ഇത് 8 മുതല്‍ 10 ശതമാനം വരെയും ചൈനയില്‍ 9 ശതമാനവുമാണ്. ഇന്ത്യയിലെ ഉയര്‍ന്ന ഗതാഗതച്ചെലവാണ് ചെലവ് വര്‍ധിക്കാന്‍ കാരണം.
വര്‍ധിക്കുന്ന ഡിസ്‌പോസിബ്ള്‍ വരുമാനം (നികുതിക്കും ചെലവിനും ശേഷം ബാക്കി വരുന്ന പണം), ഗ്രാമീണ-നഗര മേഖലകളില്‍ ഡിമാന്‍ഡില്‍ ഉണ്ടായിരിക്കുന്ന വര്‍ധന, യുവജനങ്ങളുടെ മാറുന്ന ശീലങ്ങള്‍ തുടങ്ങിയവ ഈ വ്യവസായത്തിന്റെ വേഗത്തിലുള്ള വളര്‍ച്ചയെ സഹായിക്കുന്നു.
എന്നാല്‍ വൈദഗ്ധ്യമുള്ള പ്രതിഭകളുടെ അഭാവം ഈ വ്യവസായം നേരിടുന്നുണ്ട്. ഈ മേഖലയിലെ വര്‍ധിക്കുന്ന ആവശ്യകതയും സപ്ലൈ ചെയ്ന്‍ ആസൂത്രണവും മുന്നില്‍ക്കണ്ട് നിര്‍മിത ബുദ്ധി (എ.ഐ), മെഷീന്‍ ലേണിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെ കൂടുതലായി ആശ്രയിച്ചു വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. വ്യവസായത്തിനും തൊഴിലന്വേഷകര്‍ക്കും നല്ലകാലമാണ് വരാനിരിക്കുന്നതെന്നാണ് എല്ലാ സൂചനകളും നല്‍കുന്നത്.

(This article was originally published in Dhanam Magazine October 2nd issue)

Related Articles
Next Story
Videos
Share it