ധോണി @ 41; നിങ്ങള്‍ക്കറിയുമോ ക്യാപ്റ്റന്‍ കൂളിന്റെ ഈ ബിസിനസ് കാര്യങ്ങള്‍

ജനപ്രിയ ക്രിക്കറ്റ് താരമായ മഹേന്ദ്ര സിംഗ് ധോണിയുടെ 41ാം ജന്മദിനമാണ് ഇന്ന്. ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ കൂളായ ധോണി മൈതാനത്ത് മാത്രല്ല, ജീവിതത്തിലും ബിസിനസിലും വളരെ കൂളാണ്. ധോണിയുടെ ചില ബിസിനസ് കാര്യങ്ങള്‍ നോക്കാം

ഫിറ്റ്‌നസില്‍ വിട്ടുവീഴ്ചയില്ല

ഫിറ്റ്നസില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ധോണിക്ക് സ്വന്തമായൊരു ജിം ശൃംഖല തന്നെയുണ്ട്. 2011ല്‍ ലോകകപ്പ് ജേതാവായ ക്യാപ്റ്റന് ഇന്ത്യയിലുടനീളം സ്പോര്‍ട്സ് ഫിറ്റ് വേള്‍ഡ് എന്ന പേരില്‍ 200-ലധികം ജിമ്മുകളാണുള്ളത്.

സെവന്‍ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ്

2016ലാണ് ധോണി സ്വന്തം ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ സെവന്‍ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഐക്കണിക് ജേഴ്‌സി നമ്പറായ സെവന്‍ എന്ന ബ്രാന്‍ഡിലാണ് വസ്ത്രങ്ങളും പാദരക്ഷകളും ഇറക്കുന്നത്. കൂടാതെ, മാസ്റ്റര്‍സ്‌ട്രോക്ക് എന്ന ബ്രാന്‍ഡിന്റെ പാദരക്ഷകള്‍ ധോണിയുടെ ഉടമസ്ഥതയിലുള്ളതാണ്. ബാക്കിയുള്ളവ ആര്‍എസ് സെവന്‍ ലൈഫ്‌സ്‌റ്റൈലിന്റെ ഉടമസ്ഥതയിലുള്ളതാണ്. കമ്പനിയുടെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അദ്ദേഹം.

കൃഷിയിലും നിക്ഷേപം

കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം, ധോണി റാഞ്ചിയിലെ ഫാം ഹൗസില്‍ സമയം ചെലവഴിക്കുകയും പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നതില്‍ അതീവ താല്‍പര്യം കാണിക്കുകയും ചെയ്തിരുന്നു, റാഞ്ചിയിലെ സെംബോ ഗ്രാമത്തിലെ റിംഗ് റോഡില്‍ സ്ഥിതി ചെയ്യുന്ന 43 ഏക്കര്‍ ഫാം ഹൗസില്‍ 10 ഏക്കറോളം ഭൂമിയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. സ്‌ട്രോബെറി, കാബേജ്, തക്കാളി, കടല, പപ്പായ തുടങ്ങിയ പഴങ്ങളും പച്ചക്കറികളും അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ വ്യാപകമായി കൃഷി ചെയ്യുന്നു. ധോണി തന്റെ കൃഷിയിടങ്ങളിലെ ജൈവ ഉല്‍പ്പന്നങ്ങള്‍ ദുബായിലെ ഒരു കമ്പനിക്ക് വിറ്റതായാണ് റിപ്പോര്‍ട്ട്.

ഹോസ്പിറ്റാലിറ്റി

എംഎസ് ധോണിക്ക് ഹോട്ടല്‍ മഹി റെസിഡന്‍സി എന്ന പേരില്‍ ഒരു ഹോട്ടലുണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ? എംഎസ് ധോണിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് മറ്റൊരു ഫ്രാഞ്ചൈസിയും ഇല്ലെന്നതാണ് ശ്രദ്ധേയം. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്

ഡ്രോണ്‍ രംഗത്തും കൈയൊപ്പ്

ചെന്നൈ ആസ്ഥാനമായുള്ള ഗരുഡ എയ്റോസ്പേസില്‍ ധോണിക്ക് നിക്ഷേപമുണ്ട്. ഇന്ത്യയിലെ മുന്‍നിര ഡ്രോണ്‍-ആസ്-എ-സര്‍വീസ് (ഡാസ്) ദാതാവാണ് കമ്പനി. മാപ്പിംഗ്, സാനിറ്റൈസേഷന്‍, അഗ്രികള്‍ച്ചര്‍ സ്പ്രേയിംഗ്, സെക്യൂരിറ്റി, ഡെലിവറി, നിരീക്ഷണം തുടങ്ങി 38 വൈവിധ്യമാര്‍ന്ന ആപ്ലിക്കേഷനുകള്‍ക്കായി കമ്പനി ഡ്രോണുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it