ആരോപണങ്ങളെ തിരിച്ചടിക്കാന്‍ ബൈജു രവീന്ദ്രന്‍, ഗ്ലാസ് ട്രസ്റ്റിനെതിരെ 22,300 കോടി രൂപയുടെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യും, ഫണ്ട് കാണാതായെന്നത് കള്ളം, തെളിവുകള്‍ കൈമാറും

107 കോടി ഡോളര്‍ നല്‍കാനുള്ള ഡെലവെയര്‍ പാപ്പരത്ത കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ബൈജു രവീന്ദ്രന്‍ അപ്പീല്‍ നല്‍കും
Byju Raveendran
Image : Byju's website 
Published on

സാമ്പത്തിക പ്രതിസന്ധിയിലും നിയമപോരാട്ടങ്ങളിലും നട്ടംതിരിയുന്നതിനിടെ എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസിന്റെ (Byju's) സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ അമേരിക്കന്‍ കോടതിയില്‍ പുതിയ നിയമ നീക്കത്തിനൊരുങ്ങുന്നു. വായ്പ നല്‍കിയവരുടെ പ്രതിനിധികളായ ഗ്ലാസ്‌ ട്രസ്റ്റിനും (GLAS Trust) അവര്‍ക്ക് സഹായം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുമെതിരെ 250 കോടി ഡോളറിന്റെ (ഏകദേശം 22,300 കോടി രൂപ) നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതായി ബൈജു രവീന്ദ്രന്‍ പറഞ്ഞു.

അടുത്ത 30 ദിവസത്തിനുള്ളില്‍ ഈ കേസ് ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ബൈജു രവീന്ദ്രന്‍ 53.3 കോടി ഡോളര്‍ (ഏകദേശം 4,400 കോടി രൂപ) വകമാറ്റി എന്ന ആരോപണങ്ങള്‍ക്കെതിരെയാണ് പുതിയ നീക്കം.

ഇതിന് പുറമെ, 107 കോടി ഡോളര്‍ നല്‍കാനുള്ള ഡെലവെയര്‍ പാപ്പരത്ത കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ബൈജു രവീന്ദ്രന്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹത്തിന്റെ നിയമസംഘം അറിയിച്ചു. 2021-ലെ 120 കോടി ഡോളര്‍ വായ്പയുമായി ബന്ധപ്പെട്ട് ഫണ്ട് കൈമാറ്റം സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച്, കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയിലെ ഡെലവെയര്‍ പാപ്പരത്ത കോടതി ബൈജു രവീന്ദ്രനോട് 107 കോടി ഡോളര്‍ നല്‍കണമെന്ന് ഉത്തരവിട്ടത്.

തന്റെ ഭാഗം വാദിക്കാന്‍ ആവശ്യമായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബൈജു രവീന്ദ്രന്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പുതിയ കേസ് പ്രഖ്യാപിച്ചത്.

'ഫണ്ട് കാണാതായെന്നത് കള്ളം'

കാണാതായെന്ന് ആരോപിക്കപ്പെടുന്ന 53.3 കോടി ഡോളറിന് കൃത്യമായ കണക്കുണ്ടെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു. വായ്പാ മാനേജര്‍ വഴി റവെയര്‍ കാപ്പിറ്റലിലേക്കും അവിടെ നിന്ന് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് & ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലേക്കും (TLPL) ഈ പണം എത്തിയിരുന്നു.

ഈ തുക ഉപയോഗിച്ചാണ് ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ള 300 കോടി ഡോളറിന്റെ ഏറ്റെടുക്കലുകള്‍ നടത്തിയതെന്നും ബൈജു അവകാശപ്പെുടുന്നു.

ഫണ്ട് കാണാതായെന്ന് പറഞ്ഞ് ഗ്ലാസ് ട്രസ്റ്റ് കോടതിയെ തുടര്‍ച്ചയായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും, സ്ഥാപനത്തിന്റെ ഓഹരികളില്‍ നടത്തിയ നിക്ഷേപമാണ് ഈ തുകയെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു.

നിര്‍ണായക തെളിവുകള്‍ ഹാജരാക്കും

ഗ്ലാസ് ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ബാങ്ക് രേഖകള്‍, ഇ-മെയില്‍ കത്തിടപാടുകള്‍, ഫണ്ട് കൈമാറ്റത്തിന്റെ രേഖകള്‍ എന്നിവ ഉള്‍പ്പെടെയുള്ള 'നിര്‍ണായക തെളിവുകള്‍' അമേരിക്കന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.

ഈ വായ്പ നല്‍കിയവരുടെയും ഗ്ലാസ് ട്രസ്റ്റിന്റെയും അത്യാഗ്രഹം കാരണമാണ് തന്റെ സ്ഥാപനവും ജീവനക്കാരും ഉപഭോക്താക്കളും ആക്രമിക്കപ്പെട്ടത്. ഇവര്‍ക്ക് ഇനി കോടതിയില്‍ മറുപടി നല്‍കേണ്ടിവരുമെന്നും ബൈജു രവീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വരും ആഴ്ചകളില്‍ ഇതേ തെളിവുകള്‍ ഇന്ത്യന്‍ കോടതികളിലും സമര്‍പ്പിക്കാന്‍ ബൈജു രവീന്ദ്രന്റെ നിയമോപദേഷ്ടാവ് പദ്ധതിയിടുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com