ആവശ്യത്തിന് പണമുണ്ടെന്ന് ബൈജൂസ്, എന്നിട്ടും കടംവാങ്ങിയത് 300 കോടി
ബൈജൂസ് 950 മില്യണ്‍ ഡോളറിന് ഏറ്റെടുത്ത ആകാശില്‍ നിന്നാണ് വായ്പ എടുത്തത്. കേരളസര്‍ക്കാരുമായുള്ള കൂടിക്കാഴ്ച നവംബര്‍ രണ്ടിന്
ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസെസില്‍ (AES) നിന്ന് 300 കോടി രൂപ കടമെടുത്ത് ബൈജൂസ് (Byju's- Think& Learn Pvt). കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തില്‍ സമര്‍പ്പിച്ച രേഖയില്‍ ആകാശ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 7.5 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബൈജൂസ് 950 മില്യണ്‍ ഡോളറിന് ഏറ്റെടുത്ത സ്ഥാപനമാണ് ആകാശ്.
ഒക്ടോബര്‍ മൂന്നിനാണ് ആകാശിന്റെ ഡയറക്ടര്‍ ബോര്‍ഡ് വായ്പ നല്‍കാനുള്ള തീരുമാനം അംഗീകരിച്ചത്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് വായ്പാ തുക ഉപയോഗിക്കുക. ആകാശിന് വേണ്ടി ബൈജൂസ് നടത്തുന്ന മാര്‍ക്കറ്റിംഗ് ക്യാമ്പെയിനുകള്‍ക്കുള്ള അഡ്വാന്‍സ് എന്ന നിലയിലാണ് വായ്പ എടുത്തതെന്ന് ബൈജൂസ് വക്താവ് അറിയിച്ചു. ബൈജൂസ് ഏറ്റെടുത്ത ശേഷം ആകാശ് 100 ശതമാനത്തിലധികം വളര്‍ച്ച നേടിയതായും കമ്പനി അറിയിച്ചു.
ഒക്ടോബര്‍ 27ലെ കണക്കുകള്‍ അനുസരിച്ച് 9,800 കോടിരൂപ ബൈജൂസിന്റേതായി ബാങ്കുകളില്‍ ഉണ്ടെന്നും കമ്പനിക്ക് ഫണ്ടിംഗ് ക്ഷാമം ഇല്ലെന്നും വക്താവ് വ്യക്തമാക്കി. അതേ സമയം 11-12 ബില്യണ്‍ വിപണി മൂല്യത്തില്‍ പുതിയ നിക്ഷേപകരില്‍ നിന്ന് പണം കണ്ടെത്താനുള്ള ബൈജൂസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 22 ബില്യണ്‍ വിപണി മൂല്യം ഉണ്ടെന്നാണ് ബൈജൂസിന്റെ അവകാശവാദം. കഴിഞ്ഞ ആഴ്ച, നിലവിലെ നിക്ഷേപകരില്‍ നിന്ന് കമ്പനി 250 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.
2023 മാര്‍ച്ചോടെ ലാഭത്തിലാവുക എന്ന ലക്ഷ്യത്തോടെ ചെലവുചുരുക്കല്‍ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ബൈജൂസ് ഇപ്പോള്‍. അതിന്റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. തിരുവനന്തപുരത്തെ ജീവനക്കാരോട് തിരുവനന്തപുരത്തേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം. അല്ലാത്തവര്‍ക്ക് ജോലി നഷ്ടപ്പെടും. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ വിഷയം ചര്‍ച്ചചെയ്യാന്‍ കേരള സര്‍ക്കാരും ബൈജ്യൂസ് പ്രതിനിധികളുമായി നവംബര്‍ രണ്ടിന് കൂടിക്കാഴ്ച നടത്തും.
2020-21 സാമ്പത്തിക വര്‍ഷം 4,500 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 83 കോടി രൂപ കുറഞ്ഞ് 2,428 കോടി രൂപയിലെത്തി. 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. ആറുമാസത്തിനുള്ളില്‍ 2500 ജീവനക്കാരെ കൂടി പറഞ്ഞുവിടുമെന്ന് ഈ മാസം ആദ്യം ബൈജൂസ് അറിയിച്ചിരുന്നു. ഏകദേശം 50000 ജീവനക്കാരാണ് ബൈജ്യൂസിലുള്ളത്. നിലവില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുകയാണ് കമ്പനി.