ബൈജൂസ് ജീവനക്കാര്‍ക്ക് പി.എഫ് വിഹിതം ലഭിക്കുമെന്ന് ഉറപ്പു നല്‍കി ഇ.പി.എഫ്.ഒ ബോര്‍ഡ് അംഗം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) ബോര്‍ഡ് അംഗമായ രഘുനാഥന്‍ കെ ഇ ബൈജൂസ് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) കുടിശ്ശിക തിരികെ ലഭിക്കുമെന്ന് ഉറപ്പു നല്‍കിയതായി 'മണികണ്‍ട്രോള്‍' റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു കാര്യം ഇ.പി.എഫ്.ഒയുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അത് കൂടുതല്‍ വിശദമായി പരിശോധിക്കും. ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗം വ്യക്തമാക്കാന്‍ ന്യായമായ സമയവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പി.എഫ് വിഹിതം അടച്ചില്ല

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ബൈജൂസ് നിരവധി ജീവനക്കാരുടെ ഇ.പി.എഫ് എക്കൗണ്ടില്‍ അവര്‍ക്ക് അര്‍ഹമായ കമ്പനിയുടെ പി.എഫ് വിഹിതം അടച്ചിട്ടില്ലെന്ന് ആരോപണമുണ്ടായിരുന്നു. നാല് മുന്‍ ജീവനക്കാര്‍ അവരുടെ ഇ.പി.എഫ് എക്കൗണ്ട് പാസ്ബുക്കും സാലറി സ്ലിപ്പുകളും ഇ.പി.എഫ്.ഒ പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങളും പരിശോധിച്ചതോടെ പ്രതിമാസം കമ്പനിയുടെ പി.എഫ് വിഹിതം നിക്ഷേപിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് മിക്ക ജീവനക്കാര്‍ക്കും 2024 സാമ്പത്തിക വര്‍ഷത്തില്‍ പി.എഫ് വിഹിതം നല്‍കിയിട്ടില്ല. ഏപ്രിലില്‍ 3,164 ജീവനക്കാര്‍ക്കുള്ള പി.എഫ് വിഹിതം 36 ദിവസത്തെ കാലതാമസത്തിന് ശേഷം കമ്പനി അടച്ചു. മെയ് മാസം 31 ജീവനക്കാര്‍ക്ക് മാത്രമാണ് പി.എഫ് വിഹിതം ലഭിച്ചത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പി.എഫ് വിഹിതം ജൂണ്‍ 19ന് നല്‍കിയെങ്കിലും എല്ലാ ജീവനക്കാര്‍ക്കും ഇത് ലഭിച്ചിട്ടില്ല. ചില സാങ്കേതിക തകരാര്‍ മൂലമാണ് ജീവനക്കാരുടെ പി.എഫ് വിഹിതം നല്‍കാന്‍ സാധിക്കാത്തതെന്ന് കമ്പനി അറിയിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it