ഒരൊറ്റ ഫോണ്‍ കോളില്‍ ജീവനക്കാരെ 'ഒഴിപ്പിച്ച്' ബൈജൂസ്; പണിപോയത് 500 പേര്‍ക്ക്

മോശം കാര്യങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന പതിവ് തുടര്‍ന്ന് പ്രമുഖ എഡ്യൂഡെക് കമ്പനിയായ ബൈജൂസ്. ഏപ്രില്‍ മാസത്തെ ശമ്പളം വൈകുമെന്ന് ജീവനക്കാരെ അറിയിച്ച ദിവസം തന്നെ ബൈജൂസില്‍ നിന്ന് കൂട്ടപ്പിരിച്ചുവിടലിന്റെ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നു.

വെറുമൊരു ഫോണ്‍കോളിലൂടെ ജീവനക്കാരെ പുറത്താക്കുന്നതായുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സാമ്പത്തിക പ്രതിസന്ധിക്കിടെ കമ്പനിക്ക് നാണക്കേടായി മാറി. വിവിധ ദേശീയ മാധ്യമങ്ങള്‍ ബൈജൂസിന്റെ ഫോണ്‍കോള്‍ പുറത്താക്കല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സമാനമായ അനുഭവം പങ്കുവച്ച് നിരവധി ജീവനക്കാര്‍ രംഗത്തെത്തി.

500 ലേറെ ജീവനക്കാരെ മാര്‍ച്ച് 31ന് മാത്രം യാതൊരു മുന്നറിയിപ്പും നല്കാതെ പുറത്താക്കിയതായി ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെട്ട് ഇത് താങ്കളുടെ അവസാന പ്രവൃത്തിദിവസമാണെന്ന് അറിയിച്ചതായി പുറത്താക്കപ്പെട്ട ഒരു ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചില ജീവനക്കാര്‍ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഫോണ്‍വിളികള്‍ റിക്കോര്‍ഡ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പുറത്താക്കിയവരുടെ ഫോണ്‍നമ്പറുകള്‍ മാനേജര്‍മാര്‍ അടക്കമുള്ളവര്‍ ബ്ലോക്ക് ചെയ്തതായും പരാതിയുണ്ട്. കുടിശികയുള്ള ശമ്പളം ഏപ്രില്‍ 15നകം നല്കുമെന്നാണ് കമ്പനി ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. മറ്റ് ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ 90 ദിവസം വരെയാണ് അവധി ചോദിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 10,000 ത്തോളം ജീവനക്കാരെയാണ് ബൈജൂസ് പുറത്താക്കിയത്. ചെലവു ചുരുക്കലിന്റെ ഭാഗമായി ഇനിയും വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനി നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി രണ്ടാം മാസവും ശമ്പളം വൈകിയതോടെ മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് കത്തയച്ചിരുന്നു. ചില നിക്ഷേപകരുടെ കടുംപിടുത്തം മൂലമാണ് ശമ്പളം വൈകുന്നതെന്നായിരുന്നു മാനേജ്‌മെന്റിന്റെ ന്യായം. ഇതിനിടെ പുറത്താക്കല്‍ വാര്‍ത്ത കൂടി വന്നത് ജീവനക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it