4,500 കോടിയുടെ നഷ്ടമൊന്നും പ്രശ്‌നമല്ല, ഒന്നല്ല കുറഞ്ഞത് അഞ്ച് ബൈജ്യൂസ് എങ്കിലും വേണം: ബൈജു രവീന്ദ്രന്‍

രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പും എഡ്‌ടെക്ക് കമ്പനിയുമായ ബൈജ്യൂസിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ നഷ്ടം 4,500 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്ത അപേക്ഷിച്ച് നഷ്ടം നഷ്ടക്കണക്കില്‍ 4200 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഇക്കാലയളവില്‍ 2,428 കോടി രൂപയായിരുന്നു ബൈജ്യൂസിന്റെ വരുമാനം.

സാമ്പത്തിക വര്‍ഷം അവസാനിച്ച് 18 മാസങ്ങള്‍ക്ക് ശേഷമാണ് ബൈജ്യൂസ് കണക്കുകള്‍ പുറത്തുവിട്ടത്. വിഷയത്തില്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയം കമ്പനിയോട് വിശദീകരണവും തേടിയിരുന്നു. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തില്‍ 2011ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി ഏറ്റെടുക്കലുകളിലൂടെ (byju's acquisitiosn) ഏറ്റെടുക്കലുകളിലൂടെ ബിസിനസ് വ്യാപിപ്പിക്കുകയായിരുന്നു.

എന്നാല്‍ കോവിഡിന് ശേഷം സ്‌കൂളുകള്‍ തുറന്നതും സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നിക്ഷേപ സ്ഥാപനങ്ങള്‍ ഫണ്ടിംഗ് കുറച്ചതും ബൈജ്യൂസ് അടക്കമുള്ള എഡ്‌ടെക്ക് കമ്പനികള്‍ക്ക് തിരിച്ചടിയായി. വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍ തുടങ്ങിയ ബൈജ്യൂസിന്റെ സഹോദര സ്ഥാപനങ്ങളില്‍ നിന്ന് 25,00ല്‍ അധികം ജീവനക്കാരെയാണ് കമ്പനി പിരിട്ടുവിട്ടത്. എന്നാല്‍ മെല്ലെപ്പോക്ക് സ്വീകരിക്കില്ലെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ബൈജ്യൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞത്.

50,000ല്‍ അധികം ജീവനക്കാര്‍ ഉള്ള സ്ഥാപനമാണ് ബൈജ്യൂസ്. പറഞ്ഞുവിട്ട ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഒരുമാസം കൊണ്ട് ബൈജ്യൂസ് നടത്തിയ നിയമനങ്ങളെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു. ഇപ്പോഴും ജീവനക്കാരെ നിയമിക്കുന്നുണ്ട്. കോവിഡ് കാലത്ത് വളരെ വേഗം പല സേവനങ്ങളും അവതരിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ഇവയെല്ലാം ക്രമീകരിക്കുകയാണ്. പ്ലാറ്റ്‌ഫോമുകളെ ഏറ്റെടുക്കുന്നത് എല്ലായ്‌പ്പോഴും നേട്ടമാണ്. പ്രത്യേകിച്ച് പുതിയ വിപണികളില്‍. നല്ല കമ്പനികളെ കണ്ടെത്തുകയാണെങ്കില്‍ അടുത്ത 12 മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പ്രതീക്ഷിക്കാംമെന്നും ബൈജ്യൂസ് സിഇഒ വ്യക്തമാക്കി.

കാര്യക്ഷമമായ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. 20 വര്‍ഷം കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ എങ്ങനെ 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് ചിന്തിക്കുന്ന ആളാണ് താനെന്നും ബൈജു രവീന്ദ്രന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് ഹസ്‌കിന്‍സ് & സെയില്‍സില്‍ നിന്ന് ലഭിച്ച 2020-21ലെ അനൗദ്യോഗിക(Unqualified ) റിപ്പോര്‍ട്ട് ആണ് ബൈജ്യൂസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഈ സാഹചര്യത്തില്‍ ഒരു ഗ്ലോബല്‍ സിഎഫ്ഒയെ നിയമിക്കാന്‍ ഒരുങ്ങുകയാണ് ബൈജ്യൂസ്. ഉടനെയൊന്നും ഓഹരി വിപണിയില്‍ എത്തില്ലെങ്കിലും ലിസ്റ്റ് ചെയ്ത ഒരു കമ്പനിയെപ്പോലെയാവും ബൈജ്യൂസ് പ്രവര്‍ത്തിക്കുകയെന്നും ബൈജു രവീന്ദ്രന്‍ അറിയിച്ചു.

Related Articles
Next Story
Videos
Share it