

ആറുമാസത്തെ സാവകാശം അനുവദിച്ചാല്‍ 120 കോടി ഡോളറിന്റെ (ഏകദേശം 9,800 കോടി രൂപ) കടം തിരിച്ചടയ്ക്കാമെന്ന വാഗ്ദാനവുമായി പ്രമുഖ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ്. വായ്പാത്തിരിച്ചടവ് സംബന്ധിച്ച് ഒരുവര്‍ഷത്തോളമായി വായ്പാദാതാക്കളുമായി നിയമപോരാട്ടം നടക്കുന്നതിനിടെയാണ് ബൈജൂസിന്റെ അപ്രതീക്ഷിത തിരിച്ചടവ് പ്രൊപ്പോസലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
30 കോടി ഡോളര്‍ (2,450 കോടി രൂപ) ആദ്യ മൂന്ന് മാസത്തിനകവും ബാക്കിത്തുക ശേഷിക്കുന്ന മൂന്നുമാസം കൊണ്ടും വീട്ടാമെന്നാണ് പ്രൊപ്പോസല്‍. ബൈജൂസിന്റെ വാഗ്ദാനം വായ്പാദാതാക്കള്‍ പരിശോധിക്കുകയാണ്. തിരിച്ചടവിനുള്ള ഫണ്ട് ബൈജൂസ് എങ്ങനെ സമാഹരിക്കുമെന്നതിനെ കുറിച്ചും പരിശോധിക്കും.
വായ്പാദാതാക്കളുമായി ഇതിന് മുമ്പും നിരവധി തവണ തിരിച്ചടവ് സംബന്ധിച്ച് ബൈജൂസ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. വായ്പയുടെ പലിശ തിരിച്ചടവും ഇതിനിടെ ബൈജൂസ് മുടക്കിയിരുന്നു.
വളർച്ചയും തളർച്ചയും
മലയാളിയായ ബൈജു രവീന്ദ്രന്‍ 2015ലാണ് ഓണ്‍ലൈന്‍ പഠന പരിശീലനത്തിനുള്ള ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത്. തിങ്ക് ആന്‍ഡ് ലേണ്‍ എന്ന മാതൃകമ്പനിയുടെ കീഴിലായിരുന്നു ഇത്. ഒരുകാലത്ത് 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുമായിരുന്നു ബൈജൂസ്.
വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം കയറുന്നതിനിടെ 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷ വായ്പ എടുത്തത്. എന്നാല്‍, പിന്നീട് വായ്പയുടെ പലിശ വീട്ടുന്നതിലുള്‍പ്പെടെ വീഴ്ചയുണ്ടായി. സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ ബൈജൂസ് 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ക്കുള്ള പ്രവര്‍ത്തനഫലം പുറത്തുവിടാനും തയ്യാറായിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിമൂലം 2,000ലേറെ ജീവനക്കാരെ ഇതിനിടെ ബൈജൂസ് പിരിച്ചുവിട്ടു. കമ്പനിയുടെ തലപ്പത്ത് നിന്ന് നിരവധി പേര്‍ രാജിവയ്ക്കുകയും ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine