ലാഭം നേടാനുള്ള ശ്രമങ്ങള്‍ തുടരുന്നു, 250 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ബൈജൂസ്
നിലവിലെ അന്തരീക്ഷം വളര്‍ച്ചയ്ക്ക് അനുകൂലമെന്ന് ബൈജു രവീന്ദ്രന്‍
നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് വീണ്ടും തുക സമാഹരിച്ച് പ്രമുഖ എഡ്‌ടെക്ക് പ്ലാറ്റ്‌ഫോമായ ബൈജൂസ് (Byju's). കമ്പനി പുതുതായി സമാഹരിച്ചത് 250 മില്യണ്‍ ഡോളറാണ്. 2020-212 കാലയളവിലെ കണക്കുകള്‍ പുറത്തുവന്നതിന് ശേഷമുള്ള കമ്പനിയുടെ ആദ്യ ഫണ്ടിംഗ് ആണിത്.
2020-21 സാമ്പത്തിക വര്‍ഷം 4,588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് രേഖപ്പെടുത്തിയത്. 2023 മാര്‍ച്ചോടെ ലാഭത്തിലെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. പത്തിലധികം നിക്ഷേപകരില്‍ നിന്നായി ഇതുവരെ 5.5 ബില്യണ്‍ ഡോളറോളം രൂപയാണ് കമ്പനി സമാഹരിച്ചത്. ഇപ്പോഴും 22.6 ബില്യണ്‍ ഡോളറിന്റെ മൂല്യവുമായി രാജ്യത്തെ ഏറ്റവും വലിയ യുണീകോണ്‍ കമ്പനിയാണ് ബൈജൂസ്.
അതേസമയം നിലവിലെ അന്തരീക്ഷം കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുകൂലമാണെന്നാണ് ബൈജ്യൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ (Byju Raveendran) പറഞ്ഞത്. വരുമാനം, വളര്‍ച്ച, ലാഭം എന്നിവയില്‍ 2022-23 ഏറ്റവും മികച്ച വര്‍ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാഭത്തിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 25,00 ജീവനക്കാരെ പിരിച്ചുവിടാനുള്ള തയ്യാറെടുപ്പിലാണ് ബൈജൂസ്.
ആറുമാസം കൊണ്ട് ജീവനക്കാരുടെ എണ്ണം 5 ശതമാനം കുറയ്ക്കാനാണ് തീരുമാനം. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 10,000 അധ്യാപികമാരെയും ബൈജൂസ് പുതുതായി നിയമിക്കും. ജീവനക്കാരെ പിരിച്ചുവിടാനുള്ള ബൈജൂസിന്റെ തീരുമാനത്തെ പരാമര്‍ശിച്ചുകൊണ്ട് ബോളിവുഡ് താരം സുനില്‍ ഷെട്ടി രംഗത്ത് വന്നിരുന്നു. കമ്പനിയുടെ പേര് പരാമര്‍ശിക്കാതെ ലിങ്ക്ഡ് ഇന്‍ പോസ്റ്റിലൂടെയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കടന്നു പോവുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള അഭിപ്രായം താരം പങ്കുവെച്ചത്.