ബൈജൂസിന് ₹2050 കോടി അമേരിക്കന്‍ നിക്ഷേപം
ആകാശ് ഐ.പി.ഒയിലേക്ക്
യു.എസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഡേവിഡ്സണ്‍ കെംപ്നറില്‍ നിന്ന് പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 2,050 കോടി രൂപ (250 മില്യണ്‍ ഡോളര്‍) സമാഹരിച്ച് വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസ്. കമ്പനിക്ക് 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) ആസ്തിമൂല്യം (current valuation) വിലയിരുത്തിലാണ് ഈ നിക്ഷേപം.
മൊത്തം 8,200 കോടി രൂപ (1 ബില്ല്യണ്‍ ഡോളര്‍) ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമാണിത്. ഡേവിഡ്സണ്‍ കെംപ്നറില്‍ നിന്ന് സമാഹരിച്ച തുക ഇക്വിറ്റിയിലും വായ്പകളിലുമാണ് (structured debt) ഉള്ളത്. ഭാവിയില്‍ ഈ വായ്പ ഇക്വിറ്റിയിലേക്ക് മാറ്റാനുള്ള ഓപ്ഷനുമുണ്ട്.
ആകാശ് ഐ.പി.ഒ
2021ല്‍ ബൈജൂസ് ഏറ്റെടുത്ത ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ 8,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയും (ഐ.പി.ഒ) കമ്പനി ആലോചിക്കുന്നുണ്ട്. ആകാശിന്റെ ഐ.പി.ഒയുമായി മുന്നോട്ട് പോകാന്‍ ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
അന്വേഷണം നടക്കുന്നു
വിവിധ വ്യക്തികളില്‍ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) ലംഘനം ആരോപിച്ച് ബൈജൂസ് കമ്പനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തിവരികയാണ്.
2011 മുതല്‍ 2013 വരെ കമ്പനി 28,000 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) സ്വീകരിക്കുകയും 9754 കോടി വിദേശത്ത് നിക്ഷേപിക്കുകയും ചെയ്തതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. അതേസമയം ഇ.ഡി പരിശോധന പതിവു നടപടിയുടെ ഭാഗമാണെന്ന് ബൈജൂസ് അധികൃതര്‍ പ്രതികരിച്ചിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 231.69 കോടി രൂപയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4588 കോടി രൂപയുമാണ് കമ്പനിയുടെ നഷ്ടം.