ട്യൂഷന്‍ സെന്റര്‍ അടച്ചുപൂട്ടുമെന്ന റിപ്പോര്‍ട്ട് തള്ളി ബൈജൂസ്; ക്ലാസുകള്‍ ഹൈബ്രിഡായി നടക്കും

രാജ്യത്തുടനീളമുള്ള 300 ട്യൂഷന്‍ സെന്റുകളില്‍ 200 എണ്ണവും അടച്ചുപൂട്ടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. കമ്പനിയുടെ 90 ശതമാനം ട്യൂഷന്‍ സെന്ററുകളും ഹൈബ്രിഡ് മോഡലില്‍ തുടരുമെന്നും ബാക്കിയുള്ളവയുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കുമെന്നും ബൈജൂസ് വ്യക്തമാക്കി. ചെലവ് ചുരുക്കാനുള്ള നടപടികളുടെ ഭാഗമായി ബംഗളൂരുവിലെ മുഖ്യ ഓഫീസ് ഒഴികെയുള്ള ഇന്ത്യയിലെ ഭൂരിഭാഗം ട്യൂഷന്‍ സെന്റുകളും അടച്ചുപൂട്ടുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ബൈജൂസ് പ്രതികരിച്ചു.

തുടര്‍ പ്രവേശനം നേടി വിദ്യാര്‍ത്ഥികള്‍

അടുത്ത അധ്യയന വര്‍ഷമായ 2024-25ലേക്ക് നിലവിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും തുടര്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും ട്യൂഷന്‍ സെന്ററുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കുന്ന വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണെന്നും കമ്പനി പറഞ്ഞു. അടുത്തിടെ ബൈജൂസ് അമേരിക്കന്‍ നിക്ഷേപക സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് കരുതുന്ന 53.3 കോടി ഡോളര്‍ (4,440 കോടി രൂപ) ഒരാവശ്യത്തിനും ചെലവഴിക്കാതെ മരവിപ്പിച്ച് നിറുത്താന്‍ യു.എസ് ബാങ്ക്റപ്റ്റ്സി കോടതി ജഡ്ജി ജോണ്‍ ഡോര്‍സി ഉത്തരവിട്ടിരുന്നു.

അമേരിക്കന്‍ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് കാപ്പിറ്റലാണ് ബൈജൂസിന്റെ ഈ പണം കൈകാര്യം ചെയ്തിരുന്നത്. ഈ പണം നിലവില്‍ എവിടെയെന്ന് വ്യക്തമാക്കാന്‍ കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കാംഷാഫ്റ്റ് മേധാവി വില്യം സി. മോര്‍ട്ടന്‍ പാലിച്ചിട്ടില്ല. നിര്‍ദേശം പാലിക്കാത്ത മോര്‍ട്ടനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ വില്യം സി. മോര്‍ട്ടന്‍ ഒളിവിലാണ്. ഈ പ്രശ്നങ്ങള്‍ക്കിടയില്‍ കമ്പനിയുടെ നിക്ഷേപകര്‍ കഴിഞ്ഞ മാസം പൊതുയോഗം വിളിക്കുകയും കമ്പനി സി.ഇ.ഒ ബൈജു രവീന്ദ്രനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

Related Articles

Next Story

Videos

Share it