

രാജ്യത്തെ ടെലികോം മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിലവില്‍ സര്‍ക്കാരിന് നല്‍കാനുള്ള എജിആര്‍ കുടിശികയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം ഇളവ് നല്‍കിയേക്കുമെന്ന് സൂചന. നാല് വര്‍ഷമായിരിക്കും മോറട്ടോറിയം കാലാവധിയെന്നാണ് അറിയുന്നത്. വോഡഫോണ്‍ ഐഡിയ പോലുള്ള കമ്പനികള്‍ക്ക് കുടിശിക തുകയില്‍ മൊറട്ടോറിയം അനുവദിക്കുന്നതടക്കം പരിഗണനയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
കുമാര്‍ മംഗളം ബിര്‍ള വെഡഫോണ്‍ ഐഡിയയുടെ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ വോഡാഫോണ്‍ ഐഡിയയുടെ ഓഹരികള്‍ സര്‍ക്കാരിനോ സര്‍ക്കാരിന്റെ അനുമതിയോടെ മറ്റേതെങ്കിലും കമ്പനികള്‍ക്കോ നല്‍കാമെന്ന് അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ രാജിക്ക് ആറാഴ്ചകള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നതെന്നത് പ്രധാനമാണ്.
ജൂണ്‍ ഏഴിന് ബിര്‍ള കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ തന്റെ ഓഹരികള്‍ സര്‍ക്കാരിന് കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു തീരുമാനവും ഉണ്ടായില്ല. പിന്നാലെയായിരുന്നു ഓഗസ്റ്റ് നാലിന് അദ്ദേഹം രാജി സമര്‍പ്പിച്ചത്.
നിലവില്‍ ഏറ്റവുമധികം ബാധ്യത വോഡഫോണ്‍ ഐഡിയയ്ക്കാണ്. 62180 കോടി രൂപവരും വിയുടെ എജിആര്‍ കുടിശിക. എന്നാല്‍ കേന്ദ്രസര്‍ക്കാരിലെ തന്നെ ഉന്നതര്‍ കടമായി കിട്ടാനുള്ള തുക ഓഹരിയാക്കുന്ന കാര്യത്തില്‍ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. കുടിശികയുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും കോടതികളുടെ പരിഗണനയിലുണ്ടെന്നതാണ് അതിന് പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.
പലിശ തുക ഓഹരിയാക്കി മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിലവിലെ സാഹചര്യത്തില്‍ കമ്പനികള്‍ ഈ ആവശ്യം അംഗീകരിക്കാനാണ് സാധ്യത.
Read DhanamOnline in English
Subscribe to Dhanam Magazine