കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം

കൊച്ചിയില്‍ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (ബി.പി.സി.എല്‍) മന്ത്രിസഭ അനുമതി നല്‍കി. ഇതിനാവശ്യമായ സ്ഥലം, ജലം, വൈദ്യുതി, എന്നിവ നല്‍കും. ബ്രഹ്‌മപുരത്ത് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പ്ലാന്റ് വരുന്നത്.പ്ലാന്റിനായി വിശദമായ പ്രോപ്പോസല്‍ 2023 ഒക്ടോബര്‍ ഒന്നിനകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബിപിസില്ലിനോട് സര്‍ക്കാര്‍ ആവശ്യപ്പെടിട്ടുണ്ട്.

തുടക്കത്തില്‍ ചെലവ് ബിപിസിഎല്‍ വഹിക്കും

നിര്‍ദിഷ്ട പ്ലാന്റിന് 150 ടണ്‍ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസാക്കി മാറ്റാന്‍ കഴിയും. ക്രമേണ, ശേഷി വര്‍ധിപ്പിച്ച് മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യ സംസ്‌കരണം സാധ്യമാക്കും. തുടക്കത്തില്‍ മുഴുവന്‍ ചെലവും ബിപിസിഎല്‍ വഹിക്കും. ഇന്‍ഡോറില്‍ പ്രവര്‍ത്തിക്കുന്ന മാതൃകയിലാണ് പ്ലാന്റ് നിര്‍ദ്ദേശിക്കുന്നത്. മാലിന്യ സംസ്‌കരണത്തിന് ഇപ്പോള്‍ കോര്‍പ്പറേഷന്‍ പ്രതിവര്‍ഷം ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ ഇതുവഴി സാധിക്കും.

ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കില്ല

കൊച്ചിയില്‍ ഒരു വര്‍ഷത്തിനകം സി.എന്‍.ജി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറാണെന്ന് മെയ് മാസത്തില്‍ ബി.പി.സി.എല്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. കൊച്ചിയിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതില്‍ പുതുതായി നിര്‍മ്മിക്കുന്ന പ്ലാന്റിന് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചില്‍ കൊച്ചി കോര്‍പ്പറേഷന്റെ ബ്രഹ്‌മപുരത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള നിര്‍ദേശിച്ചത്. ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Related Articles
Next Story
Videos
Share it