വിവാദങ്ങള്‍ക്ക് വിട, എയര്‍ ഇന്ത്യയുടെ തലപ്പത്തേക്ക് കാംബെല്‍ വില്‍സണ്‍

ഏറെ കാലത്തെ അനിശ്ചിതത്വത്തിനും വിവാദങ്ങള്‍ക്കുമൊടുവില്‍ എയര്‍ ഇന്ത്യയുടെ (Air India) തലപ്പത്തേക്ക് കാംബെല്‍ വില്‍സണെത്തുന്നു. സ്‌കൂട്ടിന്റെ (Scoot) സ്ഥാപക സിഇഒ കാംബെല്‍ വില്‍സണെ (Campbell Wilson) എയര്‍ ഇന്ത്യയുടെ എംഡിയും സിഇഒയുമായി നിയമിച്ചതായി ടാറ്റ സണ്‍സ് അറിയിച്ചു.

50 കാരനായ വില്‍സണിന് വ്യോമയാന വ്യവസായ രംഗത്ത് 26 വര്‍ഷത്തെ പരിചയമുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിനായി ജപ്പാന്‍, കാനഡ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ 15 വര്‍ഷത്തിലേറെ പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം 1996 ലാണ് ന്യൂസിലാന്‍ഡില്‍ മാനേജ്മെന്റ് ട്രെയിനിയായി തന്റെ കരിയര്‍ ആരംഭിച്ചത്. 2011 ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ ആയ അദ്ദേഹം പിന്നീട് സീനിയര്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
''എയര്‍ ഇന്ത്യയിലേക്ക് കാംബെലിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. പ്രധാന ആഗോള വിപണികളില്‍ ജോലി ചെയ്തിട്ടുള്ള ഒരു വ്യവസായ വിദഗ്ധനാണ് അദ്ദേഹം. കൂടാതെ, ഏഷ്യയില്‍ ഒരു എയര്‍ലൈന്‍ ബ്രാന്‍ഡ് നിര്‍മിച്ചതിന്റെ അധിക അനുഭവം എയര്‍ ഇന്ത്യയ്ക്ക് പ്രയോജനപ്പെടും. ലോകോത്തര വിമാനക്കമ്പനി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' കാംബെല്‍ വില്‍സണിന്റെ നിയമനത്തെ കുറിച്ച് എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
''ഐകോണിക് എയര്‍ ഇന്ത്യയെ നയിക്കാനും വളരെ ബഹുമാനിക്കപ്പെടുന്ന ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകാനും തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയാണ്. ഇന്ത്യന്‍ ഊഷ്മളതയും ആതിഥ്യമര്യാദയും പ്രതിഫലിപ്പിക്കുന്ന വേറിട്ട ഉപഭോക്തൃ അനുഭവത്തോടെ ലോകോത്തര ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന, ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നാകാനുള്ള ആവേശകരമായ യാത്രയുടെ അവസാനത്തിലാണ് എയര്‍ ഇന്ത്യ. ആ അഭിലാഷം സാക്ഷാത്കരിക്കാനുള്ള ദൗത്യത്തില്‍ എയര്‍ ഇന്ത്യയുടെയും ടാറ്റയുടെയും സഹപ്രവര്‍ത്തകരോടൊപ്പം ചേരുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്'' കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
നേരത്തെ, എയര്‍ ഇന്ത്യയുടെ തലപ്പത്തേക്ക് ഇല്‍ക്കര്‍ ഐസിയെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് ടര്‍ക്കിഷുകാരനായ അദ്ദേഹം ഈ ഓഫര്‍ നിരസിക്കുകയായിരുന്നു.


Related Articles
Next Story
Videos
Share it