ബാറുകളില്‍ മദ്യം വിളമ്പുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമോ?

ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കിയതോടെ അത് കോവിഡ് വ്യാപനത്തിന് കാരണമാകുമോയെന്ന ആശങ്കയും ഉയരുന്നു
ബാറുകളില്‍ മദ്യം വിളമ്പുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമോ?
Published on

ബാറുകള്‍, വൈന്‍, ബിയര്‍ പാര്‍ലറുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവ വീണ്ടും പൂര്‍ണമായി തുറക്കാന്‍ കേരള സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് 19 കാരണം ഈ വര്‍ഷം മാര്‍ച്ചില്‍ അടച്ച ബാറുകള്‍ പിന്നീട് മെയ് മാസം മുതല്‍ പാര്‍സല്‍ സേവനത്തിനായി തുറന്നിരുന്നു. എന്നാല്‍ ബാറിനുള്ളില്‍ മദ്യം വിളമ്പാന്‍ അനുവാദം ഉണ്ടായിരുന്നില്ല.

എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഇതനുസരിച്ചു ബാറുകളില്‍ ഇനിമേല്‍ മദ്യം വിളമ്പാം. എന്നാല്‍ ഈ തീരുമാനം വര്‍ധിച്ച കോവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന സന്ദേഹം ഉയരുന്നുണ്ട്.

കോവിഡ് വന്നതിനു പിന്നാലെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബാറുകളും അടഞ്ഞ് കിടക്കുകയായിരുന്നു. ഒന്‍പതു മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് ബാറുകള്‍ അടക്കമുളളവ പൂര്‍ണമായി തുറക്കുന്നത്.

പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു കോവിഡ് 19 പ്രോട്ടോക്കോളുകള്‍ പ്രകാരമുള്ള സാമൂഹിക അകലം പാലിച്ച് ബാറില്‍ ഇരിക്കുന്നത് നിര്‍ബന്ധമാണ്, കൂടാതെ 2 പേര്‍ക്ക് മാത്രമേ ഒരു മേശയില്‍ ഇരിക്കാന്‍ കഴിയൂ. രാവിലെ 11 മണി മുതല്‍ രാത്രി 11 വരെയാണ് തുറക്കാനുള്ള അനുമതി.

കള്ള് ഷാപ്പുകളുടെ പ്രവര്‍ത്തനത്തിനും കേരള അബ്കാരി ചട്ടങ്ങള്‍ അനുസരിച്ച് അനുമതി നല്‍കിയിട്ടുണ്ട്. മദ്യം വിളമ്പാന്‍ ലൈസന്‍സുള്ള ക്ലബ്ബുകള്‍ക്കും അതിനുള്ള അനുവാദം കൊടുത്തിട്ടുണ്ട്. പുതിയ സമയക്രമമനുസരിച്ചു സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനുകളുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ഔട്ട്‌ലെറ്റുകളും രാവിലെ 10 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും.

ബാറുകള്‍ പഴയത് പോലെ പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യം ബാറുടമകള്‍ സര്‍ക്കാരിന് മുന്നില്‍ കുറെ മാസങ്ങള്‍ക്കു മുമ്പുതന്നെ വെച്ചിരുന്നു. മറ്റ് പല സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയ സാഹചര്യത്തിലായിരുന്നു ബാറുടമകളുടെ ഈ ആവശ്യം. സംസ്ഥാന സര്‍ക്കാരിന് ഇതിനോട് യോജിപ്പുണ്ടായിരുന്നെങ്കിലും കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ബാറുകള്‍ പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുളള തീരുമാനം നീട്ടുകയായിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു മറ്റൊരു കാരണം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിവിധ സംസ്ഥാനങ്ങള്‍ ബാറുകളുള്ള ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് എന്ന വസ്തുത കണക്കിലെടുത്താണ് എക്‌സൈസ് കമ്മീഷണര്‍ ബാറുകള്‍ വീണ്ടും തുറക്കാന്‍ ശുപാര്‍ശ ചെയ്തത്.

എന്നാല്‍ ഈ തീരുമാനത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്നു പ്രമുഖ സൈക്കിയാട്രിസ്‌റ് ഡോ. സി. ജെ. ജോണ്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. ''ഇപ്പോള്‍ത്തന്നെ കോവിഡ് വ്യാപനത്തില്‍ കേരളം മുന്നിലാണ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി കൂടുതല്‍ ആളുകള്‍ ബാറുകളില്‍ എത്താന്‍ സാധ്യതയുണ്ട്. ഇതുവഴി കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കാം,'' അദ്ദേഹം ചൂണ്ടിക്കാട്ടി.

''മദ്യം അകത്തുചെന്ന് കഴിഞ്ഞാല്‍ സ്വയം നിയന്ത്രിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ബാറുകളില്‍ എത്രമാത്രം ഫലവത്താകും എന്ന് സംശയമുണ്ട്,'' ഡോ. ജോണ്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോഴും ടെസ്റ്റ് ചെയ്യുന്നവരില്‍ 10 ശതമാനത്തോളം പേരില്‍ കോവിഡ് കാണുന്നുണ്ട്. കൂടാതെ കൂടുതല്‍ വ്യാപനശേഷിയുള്ള കോവിഡ് വൈറസ് ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം കണ്ടത് ലോക രാജ്യങ്ങളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്.

കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ നേതൃത്വം കൊടുക്കുന്ന മദ്യവിരുദ്ധ സമിതി ഈ സര്‍ക്കാര്‍ തീരുമാനത്തെ ശക്തിയുക്ക്തം എതിര്‍ത്തു. ''സര്‍ക്കാര്‍ തീരുമാനം കോവിഡ് വ്യാപനത്തിന് തീര്‍ച്ചയായും ഇടയാക്കും. വിദ്യാലയങ്ങള്‍ പോലും ഇപ്പോഴും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം ഭക്ഷ്യകിറ്റ് വിതരണം പോലെ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളുടെ ശോഭ കെടുത്തിക്കളയുകയാണ്,'' സമിതിയുടെ സെക്രട്ടറി അഡ്വ. ചാര്‍ലി പോള്‍ പറഞ്ഞു.

കേരളത്തില്‍ 598 ബാര്‍ ഹോട്ടലുകളും 357 ബിയര്‍, വൈന്‍ പാര്‍ലറുകളും കൂടാതെ 301 സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകളും ഉള്ളതായാണ് കണക്ക്. കഴിഞ്ഞ മാര്‍ച്ചില്‍ ബാര്‍ ഹോട്ടലുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് 28 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com