

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ വായ്പകളെ 'തട്ടിപ്പ്' (Fraudulent) വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയാതായി കനറാ ബാങ്ക് ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
2017 ല്‍ അനുവദിച്ച 1,050 കോടി രൂപയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ നടന്ന നിയമനടപടികളുടെ ഭാഗമായാണ് ഈ നീക്കം.
ബാങ്കിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് അനില്‍ അംബാനി സമര്‍പ്പിച്ച പരാതിയിലാണ് ജസ്റ്റിസ് രേവതി മല്‍ഹോത്ര, നീല ഗോഖലെ എന്നിവരുടെ ബെഞ്ച് കേസ് തീര്‍പ്പാക്കിയത്. ഓര്‍ഡര്‍ പിന്‍വലിച്ച വിവരം റിസര്‍വ് ബാങ്കിനെ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നിലവില്‍ പാപ്പരത്ത നടപടികളിലൂടെ കടന്നു പോകുകയാണ്. കമ്പനിയുടെ മുന്‍ ഡയറക്ടറാണ് അനില്‍ അംബാനി.
കനറ ബാങ്കില്‍ നിന്നെടുത്ത 1,050 കോടി രൂപയുടെ വായ്പ മറ്റ് കമ്പനികളുടെ ബാധ്യതകള്‍ തീര്‍പ്പാക്കാനായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ വകമാറ്റി എന്നു കാണിച്ചാണ് വായ്പകളെ തട്ടിപ്പ് വിഭാഗത്തിലേക്ക് ബാങ്ക് മാറ്റിയത്. റിസര്‍വ് ബാങ്കിന്റെ ഫ്രോഡ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഉത്തരവ് പ്രകാരമായിരുന്നു ഈ നീക്കം. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വരെ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. അക്കൗണ്ടുകള്‍ തരം മാറ്റുന്നതിനു മുമ്പ് കമ്പനികളുടെ വാദം കേള്‍ക്കണമെന്ന സുപ്രീം കോടതിയുടെ വിധി പാലിക്കണമെന്ന നിര്‍ദേശം ബാങ്ക് പാലിക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
തട്ടിപ്പ് വിഭാഗത്തിലേക്ക് വായ്പകളെ മാറ്റിയത് 2024 നവംബര്‍ എട്ടിനാണെന്നും സമാനമായ ഒരു തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ നല്‍കിയതിനെത്തുടര്‍ന്ന് ഡിസംബര്‍ 25 ന് മാത്രമാണ് ഇതേകുറിച്ച് അദ്ദേഹത്തെ അറിയിച്ചതെന്നും ആണ് അനില്‍ അംബാനി വാദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2018 മുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പാപ്പരത്ത നടപടികള്‍ക്ക് വിധേയമായി വരികയാണ്. പാപ്പരത്ത നടപടികള്‍ക്ക് മുന്‍പ് അനുവദിച്ച വായ്പകളാണെന്നതിനാല്‍ നിലവിലെ നിയമപ്രകാരം ഈ വായ്പകള്‍ക്ക് മേല്‍ വഞ്ചനക്കുറ്റം പോലുള്ളവ ആരോപിക്കാനാകില്ലെന്നും അനില്‍ അംബാനി വാദിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ വായ്പ അക്കൗണ്ടുകളെ ഫ്രോഡ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അനില്‍ അംബാനിക്കെതിരെ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എസ്.ബി.ഐ ജൂലൈ രണ്ടിന് വ്യക്തമാക്കിയിരുന്നു. കനറാ ബാങ്കിന്റെ കാര്യത്തിലുണ്ടായതുപോലെ കോടതി ഇടപെടലുകള്‍ ഉണ്ടായാല്‍ എസ്.ബി.ഐയ്ക്കും നീക്കം പിന്‍വലിക്കേണ്ടി വന്നേക്കാമെന്നാണ് നിരീക്ഷണങ്ങള്‍.
Canara Bank removes Reliance Communications' loans from the fraudulent category
Read DhanamOnline in English
Subscribe to Dhanam Magazine