ഡിജിറ്റല്‍ രംഗത്ത് മുന്നേറാന്‍ കനറാ ബാങ്ക്, ആയിരം കോടി നിക്ഷേപിക്കാനൊരുങ്ങുന്നു

സൂപ്പര്‍ ആപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിന് വന്‍ പദ്ധതികളുമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ബാങ്ക് പദ്ധതിയിടുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ബാങ്ക് അതിന്റെ സൂപ്പര്‍ ആപ്പ് അടുത്ത മാസം അവതരിപ്പിക്കും. സൂപ്പര്‍ ആപ്പിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. 262 ഫീച്ചേഴ്‌സുകളുമായാണ് സൂപ്പര്‍ ആപ്പ് എത്തുക. പ്രവര്‍ത്തനത്തെക്കുറിച്ചും എളുപ്പത്തിലുള്ള ഉപയോഗത്തെക്കുറിച്ചും ഫീഡ്ബാക്ക് ലഭിക്കുന്നതിന് സൂപ്പര്‍-ആപ്പ് ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്.

മൊബൈല്‍ ബാങ്കിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ ഇക്കോ സിസ്റ്റത്തിനായി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 800 കോടി രൂപ വായ്പാ ദാതാവ് ഇതിനകം ചെലവഴിച്ചിട്ടുണ്ട്. പ്രവര്‍ത്തനച്ചെലവിലെ ഒരു ഭാഗം ഡിജിറ്റല്‍ രംഗം ശക്തിപ്പെടുത്താനാണ് വിനിയോഗിച്ചിട്ടുള്ളത്. ഇതിനകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - യോനോ, ബാങ്ക് ഓഫ് ബറോഡ - ബോബ് വേള്‍ഡ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകള്‍ സൂപ്പര്‍ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
കൂടാതെ, 2022 സെപ്റ്റംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്ഫോം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കനറാ ബാങ്ക്. ഡിജിറ്റല്‍ വായ്പ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് 200 കോടി രൂപ നിക്ഷേപിക്കാനുള്ള നിര്‍ദേശത്തിന് ബോര്‍ഡ് ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it