ഗൂഗിള്‍ ജെമിനൈ പണി പറ്റിച്ചു, നിര്‍മിത ബുദ്ധി പ്ലാറ്റ്ഫോമുകള്‍ക്ക് കെണിയായി

ഗൂഗിളിന്റെ ജെമിനൈ (Gemini) പറ്റിച്ച പണിയില്‍ പെട്ട് നിര്‍മിത ബുദ്ധി (എ.ഐ) പ്ലാറ്റ്‌ഫോമുകള്‍. ഇനി മുതല്‍ നിര്‍മിതബുദ്ധി പ്ലാറ്റുഫോമുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടണമെന്ന് ഇലക്ട്രോണിക്‌സ്-ഐ.ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

ഗൂഗിളിന്റെ നിര്‍മിതബുദ്ധി പ്ലാറ്റ്‌ഫോമായ ജെമിനൈ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് അടിസ്ഥാനരഹിതമായ അഭിപ്രായങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍മിതബുദ്ധി പ്ലാറ്റ് ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഗൂഗിളിനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ കമ്പനി പറഞ്ഞത് ജെമിനൈ വിശ്വസനീയമല്ല എന്നാണ്.

പരീക്ഷണ ഘട്ടത്തില്‍ എ.ഐ പ്ലാറ്റുഫോമുകള്‍ ഉപഭോക്തൃ സേവനങ്ങള്‍ നല്‍കുന്നതിനെ മന്ത്രി വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരം സംരംഭങ്ങള്‍ക്ക് ഇന്ത്യ ഒരു പരീക്ഷണ വേദിയാകാന്‍ അനുവദിക്കില്ലന്ന് മന്ത്രി പറഞ്ഞു. ഗൂഗിള്‍ മാപ്പ് പറഞ്ഞെങ്കിലും അങ്ങനെ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

നിയമ ലംഘനം നടത്തുന്ന എ.ഐ പ്ലാറ്റുഫോമുകളെ ഇന്ത്യന്‍ ഐ.ടി നിയമ പ്രകാരവും ക്രിമിനല്‍ നിയമ പ്രകാരവും ശിക്ഷിക്കാന്‍ കഴിയും. നിയമ വിരുദ്ധമായ 12ഓളം ഉള്ളടക്കങ്ങള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. നിര്‍മിതബുദ്ധി പ്ലാറ്റ്ഫോമുകള്‍ ഇത്തരം ഉള്ളടക്കം സൃഷ്ടിച്ചാല്‍ നടത്തിപ്പുകാരായ കമ്പനികള്‍ക്ക് എതിരെ നടപടികള്‍ ഉണ്ടാകാം.

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം സ്റ്റാര്‍ട്ട് അപ്പുകള്‍ നിര്‍മിതബുദ്ധി പ്ലാറ്റ്‌ഫോമുകള്‍ അവതരിപ്പിക്കുമ്പോള്‍ ഏതെങ്കിലും സ്ഥിരീകരിക്കാത്ത വിവരങ്ങളോ വ്യാജമോ ആകാന്‍ സാധ്യതയുണ്ടെങ്കില്‍ അവ ലേബല്‍ ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it