ഔഡി, സെല്‍റ്റോസ്, വെന്യൂ... ജീവനക്കാര്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങളുമായി ഈ കോഴിക്കോട്ടെ കമ്പനി
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപ് ഇന്‍ഡക്‌സ് എന്ന ബ്രോക്കിംഗ് ഏജന്‍സി ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത് ഔഡി ഉള്‍പ്പെടെ 1.10 കോടി രൂപയുടെ വാഹനങ്ങള്‍. ജനറല്‍ മാനേജര്‍ക്ക് സമ്മാനമായി കമ്പനി നല്‍കിയത് 65 ലക്ഷത്തിന്റെ ഔഡി ക്യു3 കാര്‍ ആണ്. ഒപ്പം മറ്റ് അഞ്ച് ജീവനക്കാര്‍ക്കും കാറും സ്‌കൂട്ടറുമെല്ലാം സമ്മാനമായി നല്‍കി. 2022ല്‍ ഇതേ മാനേജര്‍ക്ക് ഐ.20 കാര്‍ സമ്മാനമായി നല്‍കിയിരുന്നു.
ജനറല്‍ മാനേജര്‍ പി.വി. ഉമ്മറിന് ഔഡി, ഒരാള്‍ക്ക് വെന്യൂ, ഒരാള്‍ക്ക് സെല്‍റ്റോസ്, മൂന്ന് പേര്‍ക്ക് ഓല സ്‌കൂട്ടര്‍ എന്നിങ്ങനെയാണ് കമ്പനി നല്‍കിയ സമ്മാനങ്ങള്‍. ജീവനക്കാരെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കാറുകളും സ്‌കൂട്ടറുകളും സര്‍പ്രൈസായി നല്‍കിയത്. നിലവില്‍ 60 ജീവനക്കാരാണുള്ളത്. 1.10 കോടി രൂപയുടെ വാഹനങ്ങളാണ് സമ്മാനമായി നൽകിയതെന്ന് സി.ഇ.ഒ ത്വയിബ് മൊയ്തീന്‍ പറഞ്ഞു.
2019ല്‍ ചോയിസ് ഇക്വിറ്റി ബ്രോക്കിങ്ങുമായി ചേര്‍ന്നാണ് കമ്പനി ആരംഭിച്ചത്. 2022ല്‍ കമ്പനി മോത്തിലാലുമായി സഹകരിക്കാന്‍ തുടങ്ങി. സ്വന്തമായി ബ്രോക്കിങ് നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ അതിന് സാധിക്കും. ദുബൈ, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ കമ്പനിക്ക് ഓഫീസുണ്ട്.
മേയ് ഒന്നിന് കൊച്ചിയിലും ഓഫീസ് തുറക്കും. ജനുവരി 14ന് കേരളത്തിലെ ഏറ്റവും വലിയ ബ്രോക്കിങ് സെന്റര്‍ കോഴിക്കോട് ആരംഭിച്ചു. 25 വര്‍ഷമായി ത്വയിബിന്റെ പിതാവ് ഷെയര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നു. പിതാവിന്റെ അനുഭവം കൂടി വച്ചാണ് ബ്രോക്കിംഗ് മേഖലയില്‍ പുതിയ സംരംഭം ആരംഭിച്ചത്. കമ്പനിക്ക് ഇപ്പോള്‍ 600 ക്ലൈന്റ്‌സ് ഉണ്ട്.