കാറുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു, കൊടുത്ത് തീര്‍ക്കാനുള്ളത് 8 ലക്ഷത്തോളം വാഹനങ്ങള്‍

മാരുതി സുസുക്കി, ടാറ്റ, മഹീന്ദ്ര അടക്കമുള്ള രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ കൊടുത്ത് തീര്‍ക്കാനുള്ളത് എട്ട് ലക്ഷത്തോളം വാഹനങ്ങളാണ്. സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമം കുറഞ്ഞെങ്കിലും ഉല്‍പ്പാദനം ഉയര്‍ത്താന്‍ വാഹന നിര്‍മാതാക്കള്‍ക്കായിട്ടില്ല. അതിനിടെ ബുക്കിംഗും ഉയരാന്‍ തുടങ്ങി. ഇതോടെ കൊടുത്തുതീര്‍ക്കാനുള്ള വാഹനങ്ങളുടെ എണ്ണവും ഉയരുകയായിരുന്നു.

3.9 ലക്ഷത്തോളം ബുക്കിംഗുകളാണ് മാരുതി വിതരണം ചെയ്യാനുള്ളത്. മഹീന്ദ്രയ്ക്കും ഹ്യൂണ്ടായിക്കും ഉള്ളത് യാഥാക്രമം 1.3 ലക്ഷം, 1.1 ലക്ഷം വാഹനങ്ങളുടെ ബുക്കിംഗ് ആണ്. ടാറ്റ മോട്ടോഴ്‌സിന് ഒരു ലക്ഷത്തോളം കാറുകള്‍ കൊടുത്ത് തീര്‍ക്കാനുണ്ട്. കേരളത്തിലേക്ക് വന്നാല്‍ മോഡലുകള്‍ അനുസരിച്ച് കാറുകളുടെ ബുക്കിംഗ് കാലയളവില്‍ വലിയ വ്യത്യാസമുണ്ട്.

എസ്‌യുവി, ഇവി, ഓട്ടോമാറ്റിക് മോഡലുകള്‍ക്കാണ് ഉയര്‍ന്ന ബുക്കിംഗ് കാലയളവ്. മഹീന്ദ്രയുടെ എക്‌സ്‌യുവി അടക്കമുള്ള മോഡലുകളുടെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 8-12 മാസംവരെ കാത്തിരിക്കണം. അതേ സമയം കുറഞ്ഞ മോഡലുകള്‍ ഷോറൂമുകളിലെ ലഭ്യത അനുസരിച്ച് വേഗം ലഭിക്കുന്നുമുണ്ട്. മാരുതിതിയുടെ മോഡലുകളില്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്കാണ് ബുക്കിംഗ് കാലയളവ് കൂടുതല്‍. 4-5 മാസം വരെ വിറ്റാരയ്ക്കായി കാത്തിരിക്കണം.

മാരുതിയുടെ ഓട്ടോമാറ്റിക് മോഡലുകള്‍ കിട്ടാന്‍ പൊതുവെ താമസമുണ്ടെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്. ടാറ്റയിലേക്ക് വന്നാല്‍ എസ്‌യുവികള്‍ക്കും ഇലക്ട്രിക് മോഡലുകള്‍ക്കും ബുക്കിംഗ് കാലയളവ് മൂന്ന് മാസവും അതിന് മുകളിലുമാണ്. ഭൂരിഭാഗം വാഹന നിര്‍മാതാക്കളുടെയും എന്‍ട്രി ലെവല്‍ മോഡലുകളില്‍ കാലതാമസം നേരിടുന്നില്ല എന്നാണ് ഷോറൂമുകള്‍ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യം നേരിടാനായി ഉല്‍പ്പാദനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്‌ വാഹന നിര്‍മാതാക്കള്‍.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it