എംആര്‍എഫ് അടക്കമുള്ള ടയര്‍ കമ്പനികളില്‍ സിസിഐ റെയ്ഡ്

ആഭ്യന്തര ടയര്‍ നിര്‍മാതാക്കളായ സിയറ്റ് ലിമിറ്റഡ്, മദ്രാസ് റബ്ബര്‍ ഫാക്ടറി (MRF), അപ്പോളോ ടയേഴ്‌സ് എന്നിവയുടെ ഓഫീസുകളിലും കെട്ടിടങ്ങളിലും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (CCI) റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. സിഎന്‍ബിസി-ടിവി 18 ആണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മത്സര ലംഘനവും കാര്‍ട്ടിലൈസേഷനും ആരോപിച്ചാണ് റെയ്ഡ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോമ്പറ്റീഷന്‍ കമ്മീഷന്‍ മുംബൈയിലെ സിയറ്റ് ആസ്ഥാനം, ചെന്നൈയിലെ എംആര്‍എഫ് ഓഫീസ്, ഗുരുഗ്രാമിലെ അപ്പോളോ ടയേഴ്‌സ് ഓഫീസ് എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തി. നേരത്തെ കാര്‍ട്ടിലൈസേഷനില്‍ ഏര്‍പ്പെട്ടതിന് അഞ്ച് ടയര്‍ നിര്‍മ്മാതാക്കള്‍ക്കും ടയര്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും സിസിഐ പിഴ ചുമത്തിയിരുന്നു. അപ്പോളോ ടയറിന് 425.53 കോടി രൂപയും എംആര്‍എഫിന് 622.09 കോടി രൂപയും സിയറ്റിന് 252.16 കോടി രൂപയും ജെകെ ടയറിന് 309.95 കോടി രൂപയും ബിര്‍ള ടയറിന് 178.33 കോടി രൂപയുമാണ് പിഴ ചുമത്തിയത്.
ഇന്ത്യയിലെ ടയര്‍ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത് അഞ്ച് ടയര്‍ കമ്പനികളാണ്. ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് (എടിഎംഎ) 8.4 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. ടയര്‍ നിര്‍മ്മാതാക്കള്‍ വില സെന്‍സിറ്റീവ് ഡാറ്റ കൈമാറുകയും ടയറുകളുടെ വിലയില്‍ കൂട്ടായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു.



Related Articles
Next Story
Videos
Share it