

തമിഴ്‌നാട് സര്‍ക്കാരിന്റെ പുതിയ നികുതി കേരളത്തില്‍ ഉള്‍പ്പടെ സിമന്റ് വില ഉയരാന്‍ കാരണമാകും. ചുണ്ണാമ്പ് കല്ല് ഖനനം ചെയ്യുന്ന ഭൂമിക്കാണ് സര്‍ക്കാര്‍ പുതിയ നികുതി ഏര്‍പ്പെടുത്തിരിക്കുന്നത്. ചുണ്ണാമ്പ് കല്ലിന് ഒരു ടണ്ണിന് 160 രൂപ അധിക നികുതിയാണ് ഏര്‍പ്പെടുത്തുന്നത്. കര്‍ണാടക സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് ടണ്ണിന് 25 രൂപ അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നു.
പുതിയ നികുതി മൂലം സിമന്റിന് ചാക്കിന് 10 രൂപ വീതം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. തമിഴ്‌നാട്ടില്‍ നിര്‍മാണം നടത്തുന്ന പ്രധാന ബ്രാന്റുകളായ രാംകോ, ഡാല്‍മിയ, അള്‍ട്രാടെക്, എസിസി, ചെട്ടിനാട് തുടങ്ങിയവയെയാണ് നികുതി കൂടുതല്‍ ബാധിക്കുക. നികുതി ഭാരം ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.
ഏറെ കാലമായി സിമന്റ് വ്യവസായത്തില്‍ തുടരുന്ന പ്രതിസന്ധിയുടെ ആഴം കൂട്ടുന്നതാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന രാംകോ, ഡാല്‍മിയ എന്നീ ബ്രാന്റുകളെയാണ് കൂടുതല്‍ ബാധിക്കുക. തമിഴ്നാട്ടില്‍ രാംകോ സിമന്റിനാണ് കൂടുതല്‍ ക്ലിങ്കര്‍ കപ്പാസിറ്റിയുള്ളത്. ഡാല്‍മിയയാണ് രണ്ടാം സ്ഥാനത്ത്. ഈ കമ്പനികള്‍ക്കാകും നികുതി ഭാരം കൂടുതല്‍.
സിമന്റ് വില കുറഞ്ഞു നില്‍ക്കുന്നതും സര്‍ക്കാര്‍ ചെലവിടല്‍ കുറഞ്ഞതും കിടമല്‍സരം വര്‍ധിച്ചതും സിമന്റ് കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ചുവടു പിടിച്ച് മറ്റു സംസ്ഥാനങ്ങളും ചുണ്ണാമ്പ് കല്ലിന് അധിക നികുതി ഏര്‍പ്പെടുത്തുമെന്ന ആശങ്കയും ഉയര്‍ന്നിട്ടിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine