സിമന്റിന്റെ ഡിമാന്റ് ഉയരുന്നു, വിലയും

ഫെബ്രുവരിയെ അപേക്ഷിച്ച് രാജ്യത്തെ സിമന്റ് വില മാര്‍ച്ചില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സിമന്റിന്റെ വിലയില്‍ മാറ്റമുണ്ടായത്. ഇതിനുമുമ്പ് നവംബറിലായിരുന്നു സിമന്റ് വില കുത്തനെ ഉയര്‍ന്നത്. ഇന്‍പുട്ട് ചെലവുകളുടെ ആഘാതം കുറയ്ക്കുന്നതിനായാണ് സിമന്റ് കമ്പനികള്‍ വില വര്‍ധിപ്പിച്ചതെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തെ ശരാശരി സിമന്റ് വില 10 ശതമാനം ഉയര്‍ന്ന് 50 കിലോ ബാഗിന് 395 രൂപയായി. കഴിഞ്ഞവര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനത്തിന്റെ വര്‍ധനവാണിത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ നവംബറില്‍ സിമന്റിന്റെ ശരാശരി വില 50 കിലോയ്ക്ക് 385 രൂപയായി ഉയര്‍ന്നിരുന്നു. സിമന്റ് വിലയിലെ ഉയര്‍ച്ച അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, പെറ്റ്കോക്ക് തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വില കഴിഞ്ഞ മൂന്ന് മാസത്തിനിടെ 24-50 ശതമാനം വരെയാണ് കുത്തനെ വര്‍ധിച്ചത്.

മുന്‍ പാദത്തെ അപേക്ഷിച്ച് മാര്‍ച്ച് പാദത്തില്‍ സിമന്റ് ഉപഭോഗം മികച്ചതായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടാതെ, സിമന്റിന്റെ ഡിമാന്റ് വര്‍ധിക്കുന്നത് 2022 ജൂണ്‍ പാദം മുതല്‍ സിമന്റ് കമ്പനികളുടെ സാമ്പത്തിക പ്രകടനത്തില്‍ പ്രതിഫലിക്കുമെന്നും പ്രതീക്ഷിക്കുന്നു.


Related Articles
Next Story
Videos
Share it