ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം; ₹7000 കോടി പ്രതീക്ഷ

പൊതുമേഖലയിലുള്ള ഇന്ത്യന്‍ റെയില്‍വേ ഫൈനാൻസ് കോര്‍പ്പറേഷന്റെ (ഐ.ആര്‍.എഫ്.സി) സർക്കാർ ഓഹരിയായ 86.36 ശതമാനത്തിൽ 11% ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റും (ഡിപാം), റെയില്‍വേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ഈ ഇടപാട് പൂര്‍ത്തിയാക്കും.

ഏകദേശം 7,000 കോടി രൂപ

2021 ജനുവരി 29ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത ഐആര്‍എഫ്സിയുടെ 13.64 ശതമാനം ഓഹരികളും നിക്ഷേപകരുടെ കൈവശമാണ്. സെബിയുടെ പൊതു ഓഹരി പങ്കാളിത്ത മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഈ ഓഫര്‍ ഫോര്‍ സെയില്‍ വഴി ഐ.ആര്‍.എഫ്.സിയിലെ ഓഹരി 75 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവിലെ വിപണി മൂല്യമനുസരിച്ച് ഈ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രത്തിന് ഏകദേശം 7,000 കോടി രൂപ കേന്ദ്രത്തിന് സമാഹരിക്കാനാവും.

എന്‍.എസ്.ഇയില്‍ 5.376% ഇടിഞ്ഞ് 48.50 രൂപയിലാണ് ഇന്ത്യന്‍ റെയില്‍വേ ഫൈനാൻസ് കോര്‍പ്പറേഷന്റെ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്. റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി 1986ല്‍ രൂപീകരിച്ച സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ ഫൈനാൻസ് കോര്‍പ്പറേഷന്‍.

വിറ്റഴിക്കല്‍ വരുമാന ലക്ഷ്യത്തിന്റെ 11%

അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ മറ്റൊരു റെയില്‍വേ കമ്പനിയായ റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ (RVNL) 5.36% ഓഹരികള്‍ 1,366 കോടി രൂപയ്ക്ക് ഓഫര്‍ ഫോര്‍ സെയില്‍ വഴി സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നു. 2023-24ലെ കേന്ദ്ര ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് വഴി 51,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യം വച്ചിരുന്നു. ഇതിന്റെ 11% ആദ്യ പാദത്തില്‍ സര്‍ക്കാര്‍ സമാഹരിച്ചു.

Related Articles
Next Story
Videos
Share it