ഇസിജിസിയുടെ ഐപിഒയ്ക്ക് കേന്ദ്രാനുമതി, അഞ്ചുവര്‍ഷത്തിനുള്ളില്‍ 4,400 കോടി രൂപയുടെ നിക്ഷേപവും

എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഇസിജിസി) ലിമിറ്റഡിന്റെ ഓഹരി വിപണിയിലേക്കുള്ള വരവിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കി. 2023 സാമ്പത്തിക വര്‍ഷത്തോടെ ഇസിജിസിയുടെ പ്രാരംഭ ഓഹരി വില്‍പ്പന നടത്താനാണ് നീക്കം.

കൂടാതെ, അഞ്ച് വര്‍ഷത്തിനുള്ളില്‍ എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 4,400 കോടി രൂപയുടെ നിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കിയിട്ടുണ്ട്. കയറ്റുമതിക്കാര്‍ക്കും ബാങ്കുകള്‍ക്കും പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും പുതിയ നിക്ഷപം. ഇതിലൂടെ ഈ രംഗത്ത് നിരവധി പുതിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. കയറ്റുമതിക്ക് ക്രെഡിറ്റ് റിസ്‌ക് ഇന്‍ഷുറന്‍സും അനുബന്ധ സേവനങ്ങളും നല്‍കുന്നതിന് സ്ഥാപിതമായ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇസിജിസി ലിമിറ്റഡ്.
ഇസിജിസി ലിമിറ്റഡ് ലിസ്റ്റിംഗ് നടത്തുന്നതിലൂടെ കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കുകയും കമ്പനിയുടെ ഓഹരി ഉടമസ്ഥതയില്‍ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക സാമൂഹിക മേഖലയിലെ പദ്ധതികള്‍ക്കായാണ് ചെലവഴിക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it