13 വിമാനത്താവളങ്ങള്‍ കൂടി മാര്‍ച്ച് മാസത്തോടെ സ്വകാര്യവത്കരിക്കും

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിലുള്ള 13 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നു. നടപടികള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. വ്യോമയാന മന്ത്രാലയത്തിന് 13 വിമാനത്താവളങ്ങളുടെ ലിസ്റ്റ് കൈമാറിയതായി എഎഐ ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍ അറിയിച്ചു.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കും ഈ എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുക. 50 വര്‍ഷത്തേക്കാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നത്. വാരണാസി, ഇന്‍ഡോര്‍, തൃച്ചി, ഭുവനേശ്വര്‍, അമൃത്സര്‍, റായ്പൂര്‍ എന്നിവയോടൊപ്പം മറ്റ് ഏഴ് ചെറിയ വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കും.
ചെറിയ വിമാനത്താവളങ്ങളെ മറ്റ് ആറു വലിയ വിമാനത്താവളങ്ങളുമായി ചേര്‍ത്താകും നിക്ഷേപം സ്വീകരിക്കുക. ഹൂബ്ലി, തിരുപ്പതി, ഔറംഹാബാദ്, ജബല്‍പൂര്‍, കന്‍ഗ്രാ, കുഷിനഗര്‍, ഗയ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചെറുവിമാനത്താവളങ്ങള്‍.
2019ല്‍ തിരുവനന്തപുരം ഉള്‍പ്പടെയുള്ള ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് എഎഐ കൈമാറിയിരുന്നു. ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ സ്വകാര്യ നടത്തിപ്പുകാരെ ഏല്‍പ്പിച്ചത് 2005-06 കാലയളവിലാണ്. സ്വകാര്യ നിക്ഷേപത്തിലൂടെ കണ്ടെത്തുന്ന പണം ഉപയോഗിച്ച് പുതിയ ഇടങ്ങളില്‍ വിമാനത്തവളങ്ങള്‍ വികസിപ്പിക്കുകയാണ് എഎഐയുടെ ലക്ഷ്യം.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഎഐയുടെ നഷ്ടം 1,962 കോടിയില്‍ എത്തിയിരുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 12 വിമാനത്താവളങ്ങളില്‍ കൂടി സ്വകാര്യ നിക്ഷേപം അനുവദിക്കാനാണ് എഎഐയുടെ തീരുമാനം.



Related Articles
Next Story
Videos
Share it