ജിയോയ്‌ക്കും എയര്‍ടെല്ലിനും സര്‍ക്കാറിന്റെ വോഡഫോണ്‍ ചെക്ക്? 84,000 കോടിയുടെ കടഭാരത്തില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ പാക്കേജിന് നീക്കം, ഓഹരിയില്‍ ഉണര്‍വ്; രണ്ടു കമ്പനികളുടെ കുത്തക പൊളിക്കാനാവുമോ?

വോഡഫോണ്‍ ഐഡിയയുടെ 49 ശതമാനം ഓഹരി സര്‍ക്കാറിന്റെ കൈവശം
Vodafone idea logo, mobile phone in hand
Image created with Canva
Published on

ഭീമമായ കടക്കെണിയില്‍ വലയുന്ന ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയ്ക്ക് ആശ്വാസകരം നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍. കമ്പനിയുടെ 84,000 കോടിയുടെ വമ്പന്‍ കുടിശികയില്‍ ഇളവുകള്‍ നല്‍കാന്‍ രക്ഷാപാക്കേജ് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

2026 ഓടെ സര്‍ക്കാര്‍ സഹായമില്ലാതെ പ്രവര്‍ത്തനം തുടരാനാകില്ലെന്നും പാപ്പരത്തത്തിനായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (NCLT) സമീപിക്കേണ്ടി വരുമെന്നും വോഡഫോണ്‍ ഐഡിയ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടലിന് ഒരുങ്ങുന്നത്.

വോഡഫോണ്‍ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി പങ്കാളികള്‍ കേന്ദ്ര സര്‍ക്കാരാണ്. 49 ശതമാനത്തോളം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്.

പരിഗണനയില്‍ ഈ നിര്‍ദേശങ്ങള്‍

കമ്പനിക്ക് ആശ്വാസം നല്‍കാനായി തിരിച്ചടവ് കാലാവധി നീട്ടുന്നത് ഉള്‍പ്പെടെ പല നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എ.ജി.ആര്‍ കുടിശിക തിരിച്ചടയ്ക്കാനുള്ള കാലാവധി നിലവിലെ ആറ് വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമായി നീട്ടി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ കൂട്ടുപലിശയിന്മേലുള്ള കൂട്ടുപലിശയ്ക്ക് പകരം സാധാരണ പലിശ ഈടാക്കാനും ആലോചിക്കുന്നുണ്ട്.

കുടിശിക വിഷയത്തില്‍ തീരുമാനമാകുന്നതു വരെ വര്‍ഷംതോറും 1,000-1,500 കോടി രൂപയുടെ ചെറിയ തുക തിരിച്ചടയ്ക്കാന്‍ അനുവദിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട് എന്നാണ് സൂചന.

അതേസമയം, സര്‍ക്കാരിന്റെ നീക്കത്തെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വോഡഫോണ്‍ ഐഡിയ വ്യക്തമാക്കി.

ഇന്നലെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വോഡഫോണ്‍ ഓഹരി വില ആറ് ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നാണ് ഓഹരിയുടെ വ്യാപാരം.

ആധിപത്യം ഒഴിവാക്കാനും

ടെലികോം രംഗത്ത് രണ്ടോ മൂന്നോ കമ്പനികള്‍ മാത്രമായി ചുരുങ്ങുന്നത് രാജ്യത്തിന് ഗുണകരമല്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയതാണ് ഇപ്പോള്‍ വോഡഫോണിന് അനുകൂലമായ നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചന നല്‍കുന്നത്. ഇന്ത്യയെപ്പോലൊരു രാജ്യത്തിന് രണ്ടേ രണ്ട് സേവനദാതാക്കളെ മാത്രം ആശ്രയിക്കാനാവില്ല. എല്ലാ മേഖലയിലും മത്സരം നിലനില്‍ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

വോഡഫോണ്‍ ചിത്രത്തില്‍ നിന്ന് ഇല്ലാതായാല്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും മാത്രം വിപണിയില്‍ അവശേഷിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി ഈ രക്ഷാ പാക്കേജിന് പിന്നിലുണ്ടെന്ന് മന്ത്രിയുടെ പ്രസ്താവന വെളിപ്പെടുത്തുന്നു.

ചെറുതല്ല ബാധ്യതകള്‍

2025 സെപ്തംബര്‍ വരെയുള്ള നാല് വര്‍ഷത്തേക്കായിരുന്നു വോഡഫോണ്‍ ഐഡിയയ്ക്ക് സര്‍ക്കാര്‍ മോറട്ടോറിയം നല്‍കിയത്. കാലാവധി കഴിയുന്നതോടെ ഭീമമായ തുകകള്‍ തിരിച്ചടയ്‌ക്കേണ്ടി വരും. മൊത്തം 83,400 കോടി രൂപയാണ് കുടിശികയുള്ളത്. 2026 മാര്‍ച്ചിനകം 18,064 കോടി രൂപയും തുടര്‍ന്ന് 2027 മുതല്‍ 2031 വരെ ഓരോ വര്‍ഷവും 43,000 കോടി രൂപയും കമ്പനി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതുണ്ട്. കമ്പനിയുടെ കാഷ് ആന്‍ഡ് ബാങ്ക് ബാലന്‍സ് 9,930 കോടി രൂപ മാത്രമാണ്. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ വോഡഫോണിന് ഇത് അസാധ്യമാണെന്നത് സര്‍ക്കാരിനും ബോധ്യമുണ്ട്. ഇതാണ് രക്ഷാപാക്കേജിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കാന്‍ കാരണം.

സുപ്രീം കോടതിയുടെ 2021 എ.ജി.ആര്‍ വിധി പ്രകാരം വോഡഫോണും ഭാരതി എയര്‍ടെല്ലും കൂട്ടുപലിശ ഉള്‍പ്പെടെ 29-30 ശതമാനം വാര്‍ഷിക കുടിശിക അടയക്ക്ണം. ഇത് സാധാരണ പലിശ നിരക്കിലേക്ക് മാറ്റിയാല്‍ 8-10 ശതമാനമായി കുറയും. വരും വര്‍ഷങ്ങളില്‍ അധിക ബാധ്യത ഒഴിവാക്കുന്നതിന് സാധിക്കും. വോഡഫോണിന് ഇതു വഴി 16,000 കോടി രൂപയോളം ലാഭിക്കാനാകും.

മുന്‍പ് വോഡഫോണിനെ കടത്തില്‍ നിന്ന് രക്ഷിക്കാനായി 36,950 കോടി രൂപയുടെ സ്‌പെക്ട്രം ലേല കുടിശിക കേന്ദ്ര സര്‍ക്കാര്‍ ഓഹരി ആക്കി മാറ്റിയിരുന്നു. ഇതാണ് വോഡഫോണില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം 49 ശതമാനമാക്കിയത്. 2021ന് മുമ്പ് നടന്ന സ്‌പെക്ട്രം ലേലവുമായി ബന്ധപ്പെട്ട കുടിശികകളായിരുന്നു ഇത്. 2021 ന് ശേഷമുള്ള തവണകളാണ് ഇനി വോഡഫോണ്‍ അടയ്ക്കാനുള്ളത്.

പണസമാഹരണത്തിനുള്ള മറ്റ് വഴികളും തേടുന്നു

ബാങ്കുകളില്‍ നിന്ന് 20,000-22,000 കോടി രൂപകടം വാങ്ങാന്‍ വോഡഫോണ്‍ ശ്രമിക്കുന്നുണ്ടെങ്കിലും വായ്പ നല്‍കുന്നതിനുമുമ്പ് കമ്പനിയുടെ അടയ്ക്കാത്ത എജിആര്‍ കുടിശ്ശികയെക്കുറിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മറ്റ് ഫണ്ടിംഗ് ഓപ്ഷനുകളിലൂടെ 20,000 കോടി വരെ സമാഹരിക്കാനുള്ള പദ്ധതികള്‍ക്കും ഈ മാസം ആദ്യം കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.

The Indian government considers a relief package for Vodafone Idea to ease its ₹83,400 crore debt crisis.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com