ടൂത്ത് പേസ്റ്റ് മുതല്‍ ഫ്രിഡ്ജ് വരെ; ഉല്‍പ്പന്നങ്ങള്‍ക്ക് ഇക്കോ മാര്‍ക്ക് വരുന്നു; കേന്ദ്രസര്‍ക്കാര്‍ നീക്കം ഇങ്ങനെ

വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഇക്കോമാര്‍ക്ക് നല്‍കുന്നതിനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ വരെ ഇനി പ്രത്യേക ഇക്കോ മാര്‍ക്കോടു കൂടിയാകും വിപണിയില്‍ എത്തുക. ഇതു സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിശദമായ ചട്ടങ്ങള്‍ക്ക് രൂപം നല്‍കി. പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളെ കുറിച്ച് വ്യക്തമായ അറിവ് ലഭിക്കുന്നതിനും ഇക്കോ മാര്‍ക്ക് സഹായകമാകുമെന്ന് മന്ത്രാലയത്തിന്റ ഉത്തരവില്‍ പറയുന്നു. ഹരിത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.

എന്താണ് ഇക്കോ മാര്‍ക്ക്?

പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയില്‍ നിര്‍മ്മിക്കുന്നതും റീസൈക്കിളിംഗ് സാധ്യത കൂടുതലുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ലൈസന്‍സാണ് ഇക്കോ മാര്‍ക്ക്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ പരിസ്ഥിതി മലിനീകരണം കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നവയാകും. ഊര്‍ജ്ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതും പുനരുപയോഗം സാധ്യവുമായ ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും ഇക്കോ മാര്‍ക്ക് ഉണ്ടാവുക. ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍, നിര്‍മ്മാണ പ്രക്രിയ എന്നിവയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പങ്ക് പരിശോധിച്ചാണ് ലൈസന്‍സ് നല്‍കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സ് ആക്ടിന് അനുസരിച്ചാണ് ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി സൗഹൃദ ജീവിതശൈലി വളര്‍ത്തുന്നതിനുള്ള ചുവടുവെപ്പായി ഇക്കോമാര്‍ക്കിനെ സര്‍ക്കാര്‍ കാണുന്നുണ്ട്. ഒരു ഉല്‍പ്പന്നത്തെ കുറിച്ചുള്ള പരിസ്ഥിതി സംബന്ധമായ വിവരങ്ങള്‍ ഇതുവഴി ജനങ്ങള്‍ക്ക് ലഭ്യമാകും.

ടൂത്ത് പേസ്റ്റ് മുതല്‍ ഫ്രിഡ്ജ് വരെ

വിവിധ തരം ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ഇക്കോ മാര്‍ക്കിന് അപേക്ഷിക്കാം. പ്രധാനമായും അഞ്ച് വിഭാഗങ്ങളിലാണ് ആദ്യഘട്ടത്തില്‍ ലൈസന്‍സ് നല്‍കുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിഭാഗത്തില്‍ കുട്ടികളുടേതുള്‍പ്പടെയുള്ള സ്‌കിന്‍ പൗഡര്‍, ടൂത്ത് പൗഡറും ടൂത്ത് പേസ്റ്റും, സ്‌കിന്‍ ക്രീം, ഹെയര്‍ ഓയില്‍, ഷാംപൂ, സോപ്പ്, ഹെയര്‍ ക്രീം, നെയില്‍ പോളിഷ്, ആഫ്റ്റര്‍ ഷേവ് ലോഷന്‍. ഷേവിംഗ് ക്രീം, കോസ്‌മെറ്റിക് പെന്‍സില്‍, ലിപ്‌സറ്റിക് എന്നിവയാണ് ഇക്കോ മാര്‍ക്കിന് അര്‍ഹതയുള്ളത്. എല്ലാ തരം സോപ്പുകളും ഡിറ്റര്‍ജന്റുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഭക്ഷ്യ വസ്തുക്കളില്‍ ചായപ്പൊടി, ഭക്ഷ്യ എണ്ണ, കാപ്പിപ്പൊടി എന്നിവയും ഇലക്ടോണിക്‌സില്‍ ഫ്രിഡ്ജ്, ടി.വി, മിക്‌സി, ഗീസര്‍, ഇസ്തിരിപ്പെട്ടി, ടോസ്റ്റര്‍, കൂളര്‍, ഫാന്‍ തുടങ്ങിയവയും ഇക്കോ മാര്‍ക്കിന് അര്‍ഹമാകും. എല്ലാ തരം ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളും പട്ടികയില്‍ ഉണ്ട്.

അപേക്ഷിക്കുന്നത് ഇങ്ങനെ

ഇക്കോ മാര്‍ക്ക് ലഭിക്കുന്നതിന് നിര്‍മ്മാതാക്കള്‍ സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് അപേക്ഷ നല്‍കണം. ബോര്‍ഡ് ആവശ്യമായ പരിശോധന നടത്തി നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി സ്റ്റിയറിംഗ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റിയാണ് ഇക്കോ മാര്‍ക്കിന് ശുപാര്‍ശ ചെയ്യുന്നത്. മൂന്നു വര്‍ഷമാണ് ലൈസന്‍സ് കാലാവധി. അതിന് ശേഷം വീണ്ടും അപേക്ഷിക്കണം. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും.

Related Articles
Next Story
Videos
Share it