വിപണി മൂല്യത്തിലും ചെന്നൈ "സൂപ്പര്‍ കിംഗ്സ്" തന്നെ; ഇന്ത്യ സിമന്റ്‌സിനെ മറികടന്നു

വിപണി മൂല്യത്തില്‍ മാതൃകമ്പനിയായ ഇന്ത്യാ സിമന്റ്സിനെ കടത്തി വെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ). തിങ്കളാഴ്ച രാത്രി സിഎസ്‌കെയുടെ വിപണി മൂല്യം 7240 കോടിയിലെത്തി. ഇന്ത്യ സിമന്റ്‌സിന്റെ വിപണി മൂല്യം 61,45 കോടിയാണ്.

പൊതു ജനങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാനാവുന്ന ഏക ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ടീമാണ് സിഎസ്‌കെ. കഴിഞ്ഞ ദിവസം സിഎസ്‌കെയുടെ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുടെ വില 213-235 രൂപയില്‍ എത്തിയിരുന്നു. സ്പോര്‍ട്സ് രംഗത്തെ രാജ്യത്തെ ആദ്യ യൂണികോണ്‍ ആകാനൊരുങ്ങുകയാണ് സിഎസ്‌കെ.
2021 ജനുവരിയില്‍ ഓഹരി വില 65ല്‍ എത്തിയപ്പോള്‍ സിഎസ്‌കെയുടെ മൂല്യം 2000 കോടിയായിരുന്നു. ഈ വര്‍ഷം ഐപിഎല്‍ ജേതാക്കളായപ്പോള്‍ ഓഹരി വില 130 ആയി ഉയര്‍ന്നു. അതോടെ മൂല്യം 4000 കോടി കടന്നു. ജനുവരിക്ക് ശേഷം സിഎസ്‌കെയുടെ ഓഹരി മൂല്യത്തില്‍ 200 ശതമാനത്തില്‍ അധികം വര്‍ധനവാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം പുതിയ രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈയിസികള്‍ക്ക് വേണ്ടി നടന്ന ലേലത്തില്‍ ബിസിസിഐയ്ക്ക് 12,715 കോടി രൂപയാണ് ലഭിച്ചത്. ലക്‌നൗ ടീം 7090 കോടി രൂപയ്ക്കും അഹമ്മദാബാദ് 5625 കോടിക്കുമാണ് ലേലത്തില്‍ പോയത്. ഒരു പുതിയ ഫ്രൈഞ്ചൈസി 7090 കോടിക്ക് വിറ്റുപോകുമെങ്കില്‍ ഐപിഎല്‍ ചാമ്പ്യന്‍മാരായ സിഎസ്‌കെയ്‌ക്കെയുടെ മൂല്യം 10000-15000 കോടിവരെ ആകാമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
ലോകത്തെ ഏറ്റവും ലാഭകരമായ സ്‌പോര്‍ട്‌സ് ലീഗുകളില്‍ നാലാമതാണ്( 7 ബില്യണ്‍ ഡോളര്‍) ഐപിഎല്‍. യുഎസ് നാഷണല്‍ ഫുട്‌ബോള്‍ ടീമാണ് (16 ബില്യണ്‍ ഡോളര്‍)ഒന്നാമത്. മേജര്‍ ലീഗ് ബേസ്‌ബോള്‍, നാഷണല്‍ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.


Related Articles
Next Story
Videos
Share it