ചേര്‍ത്തല മെഗാഫുഡ് പാര്‍ക്ക് ഉദ്ഘാടനം അടുത്തയാഴ്ച

യൂണിറ്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 3000 ത്തോളം തൊഴിലവസരങ്ങളുണ്ടാകും
ആലപ്പുഴ ചേര്‍ത്തലയില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ മെഗാ ഫുഡ് പാര്‍ക്ക്
ആലപ്പുഴ ചേര്‍ത്തലയില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ മെഗാ ഫുഡ് പാര്‍ക്ക്
Published on

ആലപ്പുഴ ചേര്‍ത്തലയില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ യാഥാര്‍ത്ഥ്യമാക്കിയ മെഗാ ഫുഡ് പാര്‍ക്ക് ഉദ്ഘാടനത്തിന് സജ്ജമായി. ചേര്‍ത്തലയിലെ പള്ളിപ്പുറത്തുള്ള കെ.എസ്.ഐ.ഡി.സിയുടെ വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ 84.05 ഏക്കറില്‍ 128.49 കോടി രൂപ ചെലവഴിച്ചാണ് മെഗാഫുഡ് പാര്‍ക്ക് സ്ഥാപിച്ചത്. പാര്‍ക്കിന്റെ ഒന്നാം ഘട്ടമായ 68 ഏക്കറാണ് പൂര്‍ണമായും ഉദ്ഘാടനത്തിന് സജ്ജമായതെന്ന് കെ.എസ്.ഐ.ഡി.സിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സൗകര്യങ്ങള്‍ ഏറെ

അടിസ്ഥാന വികസന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി പൂര്‍ണമായും യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്. 68 ഏക്കറില്‍ റോഡ്, വൈദ്യുതി, മഴവെള്ള നിര്‍മാര്‍ജന ഓടകള്‍, ജലവിതരണ സംവിധാനം, ചുറ്റുമതില്‍, ഗേറ്റ്, സെക്യൂരിറ്റി ക്യാബിന്‍ മുതലായ അടിസ്ഥാന സൗകര്യങ്ങളും, സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കോമണ്‍ ഫെസിലിറ്റി സെന്റര്‍, വെയര്‍ ഹൗസ് ഉള്‍പ്പെടെയുള്ള പ്രോസസിംഗ് സൗകര്യങ്ങളുടെയും നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.

മെഗാ ഫുഡ് പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സ്ഥലം ഒഴികെ ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ ശാലകള്‍ക്ക് അനുവദിക്കാനുള്ള 55.27 ഏക്കര്‍ സ്ഥലത്തില്‍ നിലവില്‍ 31 യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിക്കുകയും അതില്‍ 12 യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തിട്ടുണ്ട്. ഈ യൂണിറ്റുകളില്‍ ഇതുവരെ 600 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്.

നിക്ഷേപവും തൊഴിലവസരങ്ങളും

മെഗാ ഫുഡ് പാര്‍ക്കിലെ യൂണിറ്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 1000 കോടി രൂപയുടെ നിക്ഷേപവും 3000 ത്തോളം തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക. മലിനജല സംസ്‌ക്കരണ ശാലയും കോള്‍ഡ് സ്റ്റോര്‍, ഡീപ്ഫ്രീസര്‍, ഡിബോണിങ് യൂണിറ്റ് എന്നിവ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഏജന്‍സിയെ നിയമിച്ചിട്ടുണ്ട്. വൈപ്പിന്‍, തോപ്പുംപടി, മുനമ്പം എന്നീ സ്ഥലങ്ങളില്‍ പ്രാഥമിക സംസ്‌ക്കരണ ശാലകള്‍ തുടങ്ങുന്നുണ്ട്.

ഉദ്ഘാടനം ഏപ്രില്‍ 11ന്

കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന ഈ പദ്ധതിയുടെ അടങ്കല്‍ തുക 128.49 കോടി രൂപയാണ്. പദ്ധതി തുകയില്‍ 50 കോടി രൂപ കേന്ദ്ര സഹായവും 72.49 കോടി രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള വിഹിതവും ആറ് കോടി രൂപ വായ്പയുമാണ്. പദ്ധതിക്ക് നാളിതുവരെ 100.84 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ വ്യവസായ വകുപ്പ് മന്ത്രി പശുപതി കുമാര്‍ പരശ് എന്നിവര്‍ സംയുക്തമായി മെഗാഫുഡ് പാര്‍ക്ക് ഏപ്രില്‍ 11ന് രാവിലെ 10.30ന് ചേര്‍ത്തല പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com