
യു.എസ്-ചൈന താരിഫ് യുദ്ധത്തില്‍ ഇന്ത്യക്ക് നേട്ടം കൊയ്യാനാകുമെന്ന് പ്രതീക്ഷ. 125 ശതമാനം തത്തുല്യ ഇറക്കുമതി ചുങ്കമാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ യുഎസില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീവിലയായിരിക്കും അനുഭവപ്പെടുക. ഇതിനെ മറികടക്കാന്‍ ചൈനയുടെ പ്രധാന വിദേശ വിപണികളിലൊന്നായ ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വില കുറച്ച് എത്തിക്കാനുളള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
യുഎസുമായുള്ള താരിഫ് യുദ്ധത്തിൽ പരിഭ്രാന്തരായ ചൈനീസ് ഇലക്ട്രോണിക്സ് ഘടക നിർമ്മാതാക്കൾ ഇന്ത്യന്‍ കമ്പനികള്‍ക്ക് 5 ശതമാനം വരെ വില കുറവില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ തയാറായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കുറഞ്ഞ ചെലവിൽ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് സാധിക്കും. ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഘടകങ്ങളില്‍ ശരാശരി നാലിൽ മൂന്ന് ഭാഗവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഫ്രിഡ്ജ്, ടിവി, സ്മാർട്ട്‌ഫോൺ തുടങ്ങിയവ വിലക്കുറവില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ഇറക്കുമതി 36.7 ശതമാനം ഉയർന്ന് 3,440 കോടി ഡോളറിലെത്തിയിരുന്നു. ചിപ്പുകൾ, കംപ്രസറുകൾ, ഓപ്പൺ സെൽ ടെലിവിഷൻ പാനലുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ, ബാറ്ററി സെല്ലുകൾ, ഡിസ്പ്ലേ മൊഡ്യൂളുകൾ, ക്യാമറ മൊഡ്യൂളുകൾ, ഫ്ലെക്സിബിൾ പ്രിന്റഡ് സർക്യൂട്ടുകൾ തുടങ്ങിയ നിർണായകമായ ഇലക്ട്രോണിക് ഘടകങ്ങൾ നിലവിൽ ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
യു.എസ് വിപണിയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുന്നതോടെ ഇന്ത്യന്‍ വിപണിയെ കൂടുതലായി ചൈനയ്ക്ക് ആശ്രയിക്കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോൺ ഘടകങ്ങളിൽ 75 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
ചൈനീസ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പരിഭ്രാന്തിയിലാണ്. ചൈനയിൽ നിന്നുള്ള യുഎസ് കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യൻ കമ്പനികളുമായി അവര്‍ ചർച്ചകൾ നടത്തി വരികയാണ്. ആഭ്യന്തര വിപണിയില്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ ശക്തമായ ഡിമാന്‍ഡ് ഇല്ലാത്തതിനാല്‍ കൂടുതല്‍ കിഴിവുകള്‍ നല്‍കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍ തയാറാകണമെന്നാണ് ഇന്ത്യന്‍ കമ്പനികളുടെ നിലപാട്.
Read DhanamOnline in English
Subscribe to Dhanam Magazine