Begin typing your search above and press return to search.
ചിപ്പ് ക്ഷാമം; സമയമെടുക്കുമെന്ന് ഇന്റലും ക്വാല്‍കോമും
ലോകം നേരിടുന്ന സെമി കണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമം പരിഹരിക്കാന്‍ രണ്ടുവര്‍ത്തോളം എടുത്തേക്കാമെന്ന് ഇന്റലും ക്വാല്‍കോമും.
ചിപ്പുകളുടെ ഡിമാന്റ് അതിവേഗം ഉയരുകയാണ്. ഡിമാന്റിന് അനുസരിച്ച് ചിപ്പുകള്‍ വിതരണം ചെയ്യാന്‍ 12-18 മാസം വേണ്ടിവരുമെന്ന് ഇന്റല്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പ്രകാശ് മല്യ പറഞ്ഞു.
ദീര്‍ഘകാലത്തേക്ക് വലിയ നിക്ഷേപം വേണ്ട മേഖലയാണ് ചിപ്പ് നിര്‍മാണം. അതുകൊണ്ട് തന്നെ ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ എടുക്കുമെന്നും പ്രകാശ് മല്യ പറഞ്ഞു. ഇടക്കാല പരിഹാരങ്ങള്‍ ഇക്കാര്യത്തില്‍ കണ്ടെത്താന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണ്‍, കംപ്യൂട്ടര്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത്.
കോവിഡിനെ തുടര്‍ന്ന് ഡിമാന്റ് ഉയര്‍ന്നതാണ് ഇപ്പോഴത്ത പ്രതിസന്ധിക്ക് കാരണമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അടുത്ത വര്‍ഷം ആദ്യത്തോടെ വിതരണത്തില്‍ ഒരു സന്തുലിതാവസ്ഥ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ക്വാല്‍കോം ഇന്ത്യ പ്രസിഡന്റ് രാജെന്‍ വഗാദിയ പറഞ്ഞു.
കോവിഡ് വന്നപ്പോള്‍ പല ഓട്ടോമൊബൈല്‍ കമ്പനികളും നല്‍കിയ ഓഡര്‍ പിന്‍വലിച്ചിരുന്നു. പിന്നീട് പെട്ടന്ന് ഡിമാന്റ് ഉയര്‍ന്നതും പ്രതിസന്ധിക്ക് കാരണമായി. ഓട്ടോമൊബൈല്‍ മേഖലയില്‍ ഉപയോഗിക്കുന്ന ലെഗസി ചിപ്പുകള്‍ ഉത്പാദനം കൂടിയവയും വില കുറഞ്ഞവയും ആയിരുന്നു. വിപണി വീണ്ടും ഉയര്‍ന്നപ്പോള്‍ പല ഫാക്ടറികളും മാര്‍ജിന്‍ കൂടുതല്‍ ലഭിക്കുന്ന നാനോ മീറ്റര്‍ ഹൈടെക്ക് ചിപ്പുകളിലേക്ക് ഉത്പാദനം മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ ഓട്ടോമൊബൈല്‍ പോലുള്ള മേഖലകളിലെ ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ സമയം എടുത്തേക്കാം.
ചിപ്പ് ക്ഷാമം ഏറ്റവും അധികം ബാധിച്ച മറ്റൊരു മേഖല 4ജി സ്മാര്‍ട്ട് ഫോണുകളാണ്. പ്രതിസന്ധി മൂലം റിലയന്‍സ് ജിയോ നെക്‌സ്റ്റ് ഫോണ്‍ അവതരിപ്പിക്കുന്നത് നീട്ടിവെച്ചിരുന്നു. എന്നാല്‍ നാനോമീറ്റര്‍ റേഞ്ചിലുള്ള ചിപ്പുകള്‍ ഉപയോഗിക്കുന്ന ചിപ്പ് ക്ഷാമം 5ജി ഫോണ്‍ നിര്‍മാണത്തെ വലിയ രീതിയില്‍ ബാധിച്ചില്ല.
Next Story
Videos