സ്‌കോച്ച് വിസ്‌കിക്ക് ഉടന്‍ വില കുറഞ്ഞേക്കും; ശുഭപ്രതീക്ഷയില്‍ ഷിവാസ് റീഗല്‍ നിര്‍മ്മാതാക്കള്‍

സ്‌കോച്ച് വിസ്‌കി പ്രിയര്‍ക്കായി ഒരു ശുഭവാര്‍ത്ത ഒരുങ്ങുന്നുണ്ട്. ഭാഗ്യമുണ്ടെങ്കില്‍, വൈകാതെ വില വന്‍തോതില്‍ കുറയും. ഇന്ത്യയും ബ്രിട്ടനും തമ്മിലെ സ്വതന്ത്ര വ്യാപാര കരാര്‍ (FTA) സംബന്ധിച്ച അന്തിമവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ മാസമോ അടുത്തമാസമോ (നവംബര്‍) കരാര്‍ പ്രാബല്യത്തില്‍ വന്നേക്കാം. അതോടെ, ബ്രിട്ടനില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കി ഇറക്കുമതിക്ക് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി നികുതി കുത്തനെ കുറയും. ഇത് വില കുറയാന്‍ സഹായിക്കുമെന്നാണ് പ്രമുഖ സ്‌കോച്ച് വിസ്‌കി ബ്രാന്‍ഡായ ഷിവാസ് ബ്രദേഴ്‌സിന്റെ പ്രതീക്ഷ.

അതേസമയം, കരാര്‍ നടപ്പാകുന്നത് നീണ്ടാല്‍ പ്രതീക്ഷകളും പാളും. ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെക്കുറെ പടിവാതിലിനടുത്ത് എത്തിയതിനാല്‍ ഇപ്പോള്‍ നടന്നില്ലെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പിന് ശേഷമേ സ്വതന്ത്ര വ്യാപാര കരാറുമായി മുന്നോട്ട് പോകാനാകൂ. ഇത് സ്‌കോച്ച് വിസ്‌കി പ്രിയരെ നിരാശപ്പെടുത്തും. അതേസമയം, ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ ഈമാസം 28ന് ഒപ്പുവച്ചേക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വില പാതിയാകും!
നിലവിലെ 150 ശതമാനം ഇറക്കുമതി നികുതി സ്വതന്ത്ര വ്യാപാര കരാര്‍ വഴി 75 ശതമാനമായി കുറയ്ക്കണമെന്നാണ് യു.കെയും സ്‌കോച്ച് നിര്‍മ്മാതാക്കളും ആവശ്യപ്പെടുന്നത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിനകം നികുതി 30 ശതമാനമായി വെട്ടിച്ചുരുക്കണമെന്നും ആവശ്യമുണ്ട്. അതേസമയം, ഇന്ത്യന്‍ വിസ്‌കി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത് 10 വര്‍ഷം കൊണ്ട് നികുതി 50 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ്.
നിലവില്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് വിസ്‌കി കയറ്റുമതി ചെയ്യുമ്പോള്‍ അവിടെ നികുതി പൂജ്യമാണ്. എന്നാല്‍, തിരിച്ച് ഇന്ത്യ ഇവിടെ ഇറക്കുമതി നികുതിയായി ഈടാക്കുന്നത് 150 ശതമാനവും. ഇത്, മികച്ച നിലവാരമുള്ള സ്‌കോച്ച് വിസ്‌കി വാങ്ങുന്നതിന് ഇന്ത്യക്കാരെ അപ്രാപ്യരാക്കുന്ന കാര്യമാണെന്നും മാറ്റം അനിവാര്യതയാണെന്നും ഷിവാസ് ബ്രദേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ, സ്‌കോച്ചിന്റെ വമ്പന്‍ വിപണി
ലോകത്ത് ഏറ്റവുമധികം സ്‌കോച്ച് ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പട്ടം ഫ്രാന്‍സിനെ പിന്നിലാക്കി ഇന്ത്യ ചൂടിയിരുന്നു. ഫ്രഞ്ച് മദ്യ നിര്‍മ്മാതാക്കളായ പെര്‍ണോഡ് റികാര്‍ഡിന്റെ (Pernod Ricard) ഭാഗമാണ് സ്‌കോച്ച് വിസ്‌കി വിഭാഗമായ ഷിവാസ് ബ്രദേഴ്‌സ്.
റോയല്‍ സ്റ്റാഗ്, ഇംപീരിയല്‍ ബ്ലൂ, ബ്ലെന്‍ഡേഴ്‌സ് പ്രൈഡ് എന്നിങ്ങനെ ബ്രാന്‍ഡുകളുമായി ഇന്ത്യയിലെ നാലിലൊന്ന് വിപണി കൈകാര്യം ചെയ്യുന്നതും പെര്‍ണോഡ് ആണ്. യു.കെയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പായാലും ഇല്ലെങ്കിലും ഇന്ത്യയില്‍ വലിയ വിപുലീകരണത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇന്ത്യയില്‍ സ്‌കോച്ച് വില്‍പന ഇരട്ടിയോളം വളര്‍ന്നുവെന്ന് കമ്പനി പറയുന്നു. 2022ല്‍ മാത്രം വിപണി 33 ശതമാനം വളര്‍ന്ന് 75 ലക്ഷം കെയ്‌സുകളില്‍ എത്തിയിരുന്നു (ഒമ്പത് ലിറ്ററാണ് ഓരോ കെയ്‌സും). കമ്പനിയുടെ ഏറ്റവും വില്‍പനയുള്ള സ്‌കോച്ച് ബ്രാന്‍ഡ് 100 പൈപ്പേഴ്‌സാണ്. പ്രതിവര്‍ഷം 15 ലക്ഷം കെയ്‌സാണ് ഇന്ത്യയിലെ വില്‍പന.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം)


Related Articles

Next Story

Videos

Share it