വേനല്‍ക്കാല സമയക്രമവുമായി സിയാല്‍; ദോഹയിലേക്ക് 46 സര്‍വീസ്, ദുബൈയിലേക്ക് 45
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) വേനല്‍ക്കാല വിമാന സര്‍വീസുകളുടെ സമയവിവര പട്ടിക പ്രഖ്യാപിച്ചു. രാജ്യാന്തര സെക്ടറില്‍ ഇരുപത്തിയാറും ആഭ്യന്തര സെക്ടറില്‍ എട്ടും എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. 66 പ്രതിവാര സര്‍വീസുകളോടെ രാജ്യാന്തര സെക്ടറില്‍ ഏറ്റവും അധികം സര്‍വീസുള്ളത് അബുദാബിയിലേക്കാണ്. ദോഹയിലേക്ക് 46 സര്‍വീസുകളും ദുബൈയിലേക്ക് 45 സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുള്ളത്.
പ്രീമിയം സര്‍വീസുകളുമായി തായ് എയര്‍വേയ്സ്
തായ് എയര്‍വേയ്സ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് ത്രിവാര പ്രീമിയം സര്‍വീസുകള്‍ ആരംഭിക്കും. അതോടൊപ്പം തായ് ലയണ്‍ എയര്‍ ബാങ്കോക്ക് ഡോണ്‍ മ്യൂംഗ് വിമാനത്താവളത്തിലേക്ക് പ്രതിദിന സര്‍വീസുകളും ആരംഭിക്കും. നിലവിലുള്ള തായ് എയര്‍ ഏഷ്യ പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെയാണിത്. അബുദാബി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രതിദിന വിമാന സര്‍വീസുകളുമായി ആകാശ എയര്‍ അന്താരാഷ്ട്ര സെക്ടറില്‍ പ്രവര്‍ത്തനം തുടങ്ങും.
ഇന്‍ഡിഗോ ദോഹയിലേക്കും സ്പൈസ്‌ജെറ്റ് മാലി ദ്വീപിലേക്കും അധിക പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് നിലവിലുള്ള ചൊവ്വ, വ്യാഴം, ശനി ത്രിവാര സര്‍വീസുകള്‍ക്ക് പുറമെ എയര്‍ ഇന്ത്യ ആഴ്ചയില്‍ ഒരു അധിക സര്‍വീസ് കൂടി തുടങ്ങും. ജസീറ എയര്‍വേയ്സും സൗദിയയും യഥാക്രമം കുവൈറ്റിലേക്കും ജിദ്ദയിലേക്കും 2 അധിക പ്രതിവാര വിമാനസര്‍വീസുകള്‍ ആരംഭിക്കും. ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയില്‍ 7 അധിക വിമാനങ്ങളും എയര്‍ ഏഷ്യ ബെര്‍ഹാദ് കോലാലംപൂരിലേക്ക് ആഴ്ചയില്‍ 5 സര്‍വീസുകളും നടത്തും.
ലക്ഷദ്വീപിലേക്കും
ലക്ഷദ്വീപില്‍ സമീപകാലത്തുണ്ടായ വിനോദസഞ്ചാര വികസനം കണക്കിലെടുത്ത് കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. അഗത്തിയിലേക്ക് അലയന്‍സ് എയറിന്റെ 16 സര്‍വീസുകളുണ്ടാകും. എയര്‍ ഇന്ത്യ എക്സ്പ്രസ് ഹൈദരാബാദിലേക്ക് ദിവസേന 2 അധിക വിമാന ഓപ്പറേഷനുകള്‍ തുടങ്ങും. ആകാശ എയര്‍, വിസ്താര എന്നിവ ബാംഗ്ലൂരിലേക്ക് ദിവസേന അധിക സര്‍വീസുകള്‍ നടത്തും. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ എന്നിവ പ്രതിവാരം 14 അധിക സര്‍വീസുകള്‍ തുടങ്ങും. ഇതോടെ കൊച്ചി-ബാംഗ്ലൂര്‍ സെക്ടറില്‍ പ്രതിദിനം ശരാശരി 16 വിമാന സര്‍വീസുകളാവും.
കൊച്ചിയില്‍ നിന്ന് കോഴിക്കോടേക്ക് പ്രതിദിനസര്‍വീസുകള്‍ ഇന്‍ഡിഗോ ആരംഭിക്കും. കോഴിക്കോട് നിന്ന് രാവിലെ 8:30ന് പുറപ്പെട്ട് 9:30ന് കൊച്ചിയിലെത്തിച്ചേരും. മടക്കവിമാനം ഉച്ചക്ക് 1:35ന് പുറപ്പെട്ട് 2:35ന് കോഴിക്കോട് എത്തിച്ചേരും. ആഭ്യന്തര പ്രതിവാര വിമാനസര്‍വീസുകളില്‍ ബാംഗ്ലൂരിലേക്ക് 122, ഡല്‍ഹിയിലേക്ക് 71, മുംബൈയിലേക്ക് 68, ഹൈദരാബാദിലേക്ക് 61, ചെന്നൈയിലേക്ക് 49, അഗത്തിയിലേക്ക് 16, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍, കൊല്‍ക്കത്ത, പൂനെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 സര്‍വീസുകള്‍ വീതവും സേലത്തേക്ക് 5 പ്രതിവാര സര്‍വീസുകളും ഉണ്ടായിരിക്കും.
നിലവിലുള്ള ശീതകാല പട്ടികയില്‍ ആകെ 1,330 സര്‍വീസുകളാണുള്ളത്. പുതിയ വേനല്‍ക്കാല പട്ടികയില്‍ 1,628 പ്രതിവാര സര്‍വീസുകളുണ്ടാകും. 2024 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 26 വരെ സമയവിവര പട്ടിക പ്രാബല്യത്തിലുണ്ടാകും. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായ സിയാല്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി (ബി.പി.സി.എല്‍) സഹകരിച്ച് ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു സംരംഭത്തിന് കൂടി തുടക്കമിട്ടിട്ടുണ്ട്.