കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണങ്ങൾ ബുധനാഴ്ച മുതൽ സിയാലിൽ

ഡിജിസിഎ, ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ ഏജൻസികളുമായി സഹകരിച്ചാണ് സിയാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്
CIAL, Seaplane
Published on

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് സീപ്ലെയിൻ പരീക്ഷണ സർവീസുകൾ നാളെ (ബുധനാഴ്ച) മുതൽ ആരംഭിക്കുന്നു. ദ്വീപുകളിലേക്കുള്ള പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും വിനോദസഞ്ചാരത്തിന് പുത്തൻ ഉണർവ് നൽകുന്നതിനും ലക്ഷ്യമിട്ടാണ് സിയാൽ ഈ പരീക്ഷണങ്ങൾക്ക് സൗകര്യമൊരുക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സർവീസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

20 സീറ്റുകളുള്ള വിമാനം

സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ (Skyhop Aviation Limited) ഉടമസ്ഥതയിലുള്ള 20 സീറ്റുകളുള്ള 'ട്വിൻ ഓട്ടർ' (Twin Otter) സീപ്ലെയിൻ വിമാനമാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. കൊച്ചി–അഗത്തി–കൽപ്പേനി–കവരത്തി, കൊച്ചി–കടമത്ത്–കിൽത്താൻ–അഗത്തി എന്നീ സെക്ടറുകളിലാണ് വിമാനം പറക്കുക. ഡിജിസിഎ (DGCA), ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ ഏജൻസികളുമായി സഹകരിച്ചാണ് സിയാൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലക്ഷദ്വീപിലേക്കുള്ള യാത്രാ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുകയും അടിയന്തര ഘട്ടങ്ങളിലെ ആംബുലൻസ് സർവീസിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും വലിയ സഹായമാകുകയും ചെയ്യും. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ആകാശബന്ധം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ സംരംഭത്തെ വിലയിരുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com