

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ സർവീസുകൾ വിജയകരമായി പൂർത്തിയാക്കി. ഈ പരീക്ഷണയോട്ടം ദ്വീപിലേക്കുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിലും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിലും നിർണായക ചുവടുവെപ്പാണ്. ഇന്ന് (ബുധനാഴ്ച) രാവിലെ 9:30 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം 11:30 ന് അഗത്തിയിൽ ഇറങ്ങി. തുടർന്ന് അഗത്തിയിലെ വാട്ടർ എയറോഡ്രോമിൽ പരിശീലന പറക്കലുകൾ നടത്തിയ ശേഷം വൈകിട്ട് 4:45 ഓടെ വിമാനം തിരികെ കൊച്ചിയിലെത്തി.
സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ DHC6-400 ട്വിൻ ഓട്ടർ (Regn: VT-SHE) എന്ന 19 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ഈ ദൗത്യം ലക്ഷദ്വീപ് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പ്രവർത്തനക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായി മെയ് 14, 15 തീയതികളിലും പരീക്ഷണങ്ങൾ തുടരും.
മെയ് 14: കൊച്ചി, കൽപ്പേനി, അഗത്തി, കവരത്തി എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചുള്ള സർവീസുകൾ നടക്കും.
മെയ് 15: കടമത്ത്, കിൽത്താൻ എന്നീ ദ്വീപുകളിൽ പരീക്ഷണം നടത്തിയ ശേഷം വിമാനം കൊച്ചിയിലേക്ക് മടങ്ങും.
ദ്വീപുകൾ തമ്മിലുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും അടിയന്തര ചികിത്സാ സഹായങ്ങൾക്കും (Emergency Access) ഈ പദ്ധതി വലിയ സഹായമാകും. ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും മറ്റ് ഏജൻസികളുടെയും സഹകരണത്തോടെയാണ് സിയാൽ ഈ സുപ്രധാന പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine